Wednesday, August 16, 2017

ദൂധ്‌ സാഗർ വെള്ളച്ചാട്ടം (യാത്രാ വിവരണം)

സഞ്ചാര പ്രേമികൾക്ക് വ്യത്യസ്‌ത യാത്രാനുഭവം സമ്മാനിക്കുന്നതാണ് ദൂധ്‌ സാഗർ വെള്ളച്ചാട്ടവും (Dudhsagar Falls), അങ്ങോട്ടുള്ള നടത്തവും. റെയിൽ പാതയിലൂടെയുള്ള 20 (ഇരുവശത്തേക്കും) കിലോമീറ്റർ നീളുന്ന നടത്തവും, പാല് പോലെ പതഞ്ഞൊഴുകുന്ന വളരെ  ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും നൽകുന്ന അനുഭവം അവർണ്ണനീയമാണ്. ഇത്രയും വ്യത്യസ്‌തതയുള്ള ജലപാതം കാണാനുള്ള യാത്ര ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. നമ്മൾ കാണാൻ പോകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം (310 മീറ്റർ) കൂടിയ മൂന്നാമത്തെ ജലപാതം ആണ്. ഗോവ സംസ്ഥാനത്തിൽ ഉള്ള മണ്ഡോവി (Mandovi) നദിയുടെ സംഭാവനയാണ് ഈ വെള്ളച്ചാട്ടം.

ദൂധ്‌ സാഗർ വെള്ളച്ചാട്ടം

എങ്ങനെ എത്തിച്ചേരാം
ഞങ്ങൾ ഗോവയിലെ മഡ്ഗാവ് (Madgaon) എത്തിയിട്ടാണ് വെള്ളച്ചാട്ടം കാണാനുള്ള യാത്ര തുടങ്ങിയത്. കേരളത്തിൽ നിന്നുള്ളവർക്ക്കൊങ്കൺ പാതയിൽ കൂടി യാത്ര ചെയ്‌ത്‌ മഡ്ഗാവിൽ എത്താം. ധാരാളം ട്രെയിനുകൾ ഈ വഴിക്കുണ്ട്. മഡ്ഗാവിൽ നിന്ന് കുലേം (Kulem) എന്ന സ്ഥലത്തു എത്തിയിട്ട് വേണം വെള്ളച്ചാട്ടം കാണാനുള്ള നടപ്പ് തുടങ്ങാൻ. മഡ്ഗാവിൽ നിന്ന് കുലേം എന്ന സ്ഥലത്തേക്ക് റെയിൽ മാർഗം എത്താം. 33 കിലോമീറ്റർ ദൂരമുണ്ട് കുലേം സ്റ്റേഷനിലേക്ക്. രാവിലെ തന്നെ ആദ്യം  പുറപ്പെടുന്ന ട്രെയിനിൽ കുലേം റെയിൽ സ്റ്റേഷനിൽ എത്തണം. കുലേം സ്റ്റേഷനിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് റെയിൽ പാതയിലൂടെ നടന്നെത്താൻ  മൂന്നര മണിക്കൂറോളം എടുക്കും. യാത്ര തുടങ്ങാൻ താമസിക്കുന്ന മുറക്ക് പ്രയാസങ്ങൾ ഏറും. ഞങ്ങൾ രാവിലെ എട്ടേകാലിനു  പുറപ്പെടുന്ന വാസ്‌കോ-കുലേം പാസഞ്ചർ ട്രെയിനിൽ പുറപ്പെട്ടു ഒൻപതു മണിക്ക് കുലേം എത്തി. രാവിലെ ഒൻപതു മണിക്ക് നടന്നു തുടങ്ങിയാൽ വൈകുന്നേരം നാലര മണിക്ക് കുലേം സ്റ്റേഷനിൽ തിരികെ എത്താം. അഞ്ചേകാലിനുള്ള മഡ്ഗാവ് പാസ്സഞ്ചർ ട്രെയിനിൽ തിരികെ പോകുകയും ചെയ്യാം. ട്രെയിൻ സമയം ട്രെയിൻ എൻക്വയറി വെബ്‌സൈറ്റിൽ നോക്കി മനസിലാക്കുക. ഗതാഗത സൗകര്യങ്ങൾ തീരെ കുറഞ്ഞ ഒരു പ്രദേശമാണ് കുലേം.

വാസ്‌കോ-കുലേം പാസഞ്ചർ ട്രെയിൻ ദിവസേന മൂന്ന് സർവീസ് നടത്തുന്നുണ്ട്.

കുലേം സ്റ്റേഷൻ പരിസരം.

യാത്രക്കാരുടെ ശ്രദ്ധക്ക്
മൺസൂൺ  സമയത്തു (ആഗസ്റ്റ്)  മാത്രമേ ജലപാതം അതിന്റെ പൂർണ്ണ ഭംഗിയിൽ കാണാൻ സാധിക്കുകയുള്ളു. മഴയില്ലാത്ത സമയങ്ങളിൽ ജലപാതം  ശുഷ്ക്കമായിരിക്കും. ജലപാത കാണാനുള്ള യാത്രക്ക്  തോളിൽ തൂക്കിയിടാൻ പാകത്തിനുള്ള ചെറിയ ഒരു ബാഗ്കരുതുക. കുടിക്കാനുള്ള വെള്ളം, ലഘു ഭക്ഷണം, ഒരു ടോർച്ചു്, സ്പോർട്സ് ഷൂ, മഴ തൊപ്പി എന്നിവ തീർച്ചയായും കരുതുക. കുലേം റെയിൽ സ്റ്റേഷൻ തീരെ സൗകര്യങ്ങൾ കുറഞ്ഞ ഒരു സ്റ്റേഷൻ ആണ്. യാത്രക്കുള്ള സാമഗ്രികൾ മഡ്ഗാവിൽ നിന്ന് തന്നെ വാങ്ങിച്ചു വെക്കുക.

പത്തു കിലോമീറ്റർ റെയിൽ പാതയിൽ കൂടി നടന്നു വേണം ദൂധ്‌ സാഗർ വെള്ളച്ചാട്ടത്തിനു സമീപം എത്താൻ. ഷൂ ധരിച്ചാൽ റെയിൽ പാളങ്ങളിൽ കൂടിയുള്ള നടപ്പിന്റെ ആയാസം കുറഞ്ഞു കിട്ടും. ചെരുപ്പിട്ടു നടന്നാൽ കാൽ പാദം വേദനിക്കും. റോഡുകളിൽ കൂടി നടക്കുന്നതിനേക്കാൾ വേഗത കുറച്ചേ റെയിൽ പാളത്തിൽ കൂടി നടക്കാൻ സാധിക്കുകയുള്ളു. പോകുന്ന വഴിയിൽ മൊബൈൽ ഫോൺ ബന്ധം ഉണ്ടാവുകയില്ല. യാത്ര തുടങ്ങുന്ന വിവരം വീട്ടുകാരെ മുന്നേ അറിയിക്കുക.

തൊട്ടാവാടി പ്രകൃതമുള്ള സ്ത്രീകൾക്ക് യോജിച്ച യാത്രാ പദ്ധതിയല്ല ദൂധ്‌ സാഗർ ജലപാതം. സ്ത്രീകളെ ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ അവരെ ചുമന്ന് തിരികെ എത്തിക്കാനുള്ള ആരോഗ്യം നിങ്ങൾക്കുണ്ടെന്ന് യാത്രക്ക് മുൻപ് തന്നെ ഉറപ്പു വരുത്തുക!!

യാത്ര തുടങ്ങാം
കുലേം സ്റ്റേഷനിലെ പ്ലാറ്റഫോമിലൂടെ നടന്നു റെയിൽ ഷെഡിനു സമീപമുള്ള റെയിൽ പാലങ്ങളിലൂടെ നടപ്പു തുടങ്ങുക. രണ്ടു വശവും വീതി കുറഞ്ഞ വഴിയാണ്, ട്രെയിൻ ഹോൺ മുഴങ്ങുന്നത് ശ്രദ്ധിച്ചു നടക്കുക. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പാതയുടെ വീതിയുള്ള വശത്തേക്ക് മാറി നീൽക്കുക. രണ്ടു വശത്തും ഒരു മാറി നിൽക്കാനുള്ള വീതി ഒരു പോലെ ഉണ്ടാവുകയില്ല. ട്രെയിൻ വരുമ്പോൾ മാറി നിൽക്കാൻ വീതി കൂടിയ വശം കണ്ടു കൊണ്ട് നടക്കുക. ട്രെയിൻ വരാത്ത സമയങ്ങളിൽ പാലത്തിലെ കോൺക്രീറ്റ് സ്‌ളീപ്പറിൽ കൂടി നടക്കുക. നടക്കുമ്പോൾ റെയിൽവേ ട്രാക്കിലെ കക്കൂസ് മാലിന്യം കാലിൽ പറ്റാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ ദുര്യോധനൻ ഇന്ദ്രപ്രസ്ഥത്തിലെ മിനുസമുള്ള പ്രതലത്തിൽ തെന്നി വീഴാതെ  നടന്നത് പോലെ ശ്രദ്ധിച്ച് മുന്നോട്ട് പോവുക!!

മൺസൂൺ സമയത്താണ് ജലപാതം കാണാൻ കൂടുതൽ ആൾക്കാർ എത്തുന്നത്.
കുടിക്കാനുള്ള വെള്ളം ആവശ്യത്തിന് കരുതുക. കുടിവെള്ളം സംഭരിക്കാൻ ഉള്ള സൗകര്യം ഇനി എട്ടു കിലോമീറ്റർ കഴിഞ്ഞേ ഉണ്ടാവുകയുള്ളു.

ദൂധ്‌ സാഗർ വെള്ളച്ചാട്ടത്തിന്റെ ഒരു കൈവഴി.
നടന്നു പത്തു മിനിറ്റിനകം തന്നെ നിബിഡ വനത്തിലേക്ക് പ്രവേശിക്കും. ഭഗവാൻ മഹാവീർ വന്യമൃഗ സംരക്ഷണ കേന്ദ്രവും (Bhagwan Mahaveer Sanctuary), മോളേയിം ദേശീയ ഉദ്യാനവും (Mollem National Park) നടപ്പു വഴിയിൽ ഉൾപ്പെടുന്നു. റെയിൽ പാതയുടെ ഇരുവശവും നിബിഡ വനമാണ്. ഹരിത വനം നൽകുന്ന ഭംഗിയും ആസ്വദിച്ചു, കുളിർമ്മയും അനുഭവിച്ചു നടക്കുമ്പോൾ ക്ഷീണം അറിയുകയേ ഇല്ല.

ട്രെയിനിന്റെ നീട്ടിയുള്ള ഹോൺ മുഴക്കം കേട്ടാൽ ഉടൻ തന്നെ സുരക്ഷിത സ്ഥാനം നോക്കി മാറി നിൽക്കുക.
ശബരിമലയിലെ ഡോളി സേവനം പോലെ ജലപാതത്തിന്റെ പകുതി വഴിയോളം സഞ്ചാരികളെ എത്തിക്കുന്ന ബൈക്കുകാരുണ്ട്. ബൈക്ക് താരകളിൽ പെടാതെ സൂക്ഷിക്കുക.
കൂരിരുട്ടു നിറഞ്ഞ അഞ്ചോളം തുരങ്കങ്ങൾ ഈ പാതയിലുണ്ട്. ട്രെയിൻ വരുന്നില്ല എന്നുറപ്പ് വരുത്തി ടോർച്ചു തെളിച്ചു കൊണ്ട് തുരങ്കങ്ങൾ കടക്കുക. 
ഒരു തുരങ്കത്തിന്റെ പുറത്തേക്കുള്ള വഴി.
കുലേം പുറപ്പെട്ടു എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ സൊണാലിയം സ്റ്റേഷൻ എത്തും. കുടിക്കാനുള്ള വെള്ളം ഇവിടെ നിന്ന് ശേഖരിക്കാം. ഇവിടെ കടകൾ ഒന്നും തന്നെയില്ല. ഇവിടെ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ഇനിയും രണ്ടു കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. അൽപ്പനേരം ഇവിടെ വിശ്രമിച്ച ശേഷം യാത്ര തുടരാം. 
ദൂധ്‌ സാഗർ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം.
വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ദൂരത്തു നിന്ന് തന്നെ കേട്ട് തുടങ്ങും. ഒരു കിലോമീറ്റർ മുൻപ് തന്നെ ദൂധ്‌ സാഗർ വെള്ളച്ചാട്ടം വിദൂരതയിൽ ദൃശ്യമാകാൻ തുടങ്ങും. വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിൽ നിന്ന് ട്രെയിൻ വരുന്ന ശബ്‌ദം വേർതിരിച്ചയറിയാൻ ശ്രദ്ധിക്കണം.

വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തിന്റെ ദൃശ്യം.

പ്രധാനമായും നാലു കൈവഴിയായി ആണ് ജലപാതം താഴേക്ക് പതിക്കുന്നത്.
ജലപാതം താഴേക്ക് പതിക്കുന്ന കാഴ്‌ച.
ജലപാതത്തിന്റെ തൊട്ടു മുൻപിൽ കൂടി റെയിൽ പാത കടന്നു പോകുന്നു.
വെള്ളച്ചാട്ടത്തിന്റെ സമീപം കുരങ്ങന്മാരുടെ ശല്യം ഉണ്ട്. ഭക്ഷണ സാമഗ്രികൾ പുറത്തെടുക്കാതിരിക്കുക, ബാഗ് കൂട്ടത്തിലുള്ളവരെ ഏൽപ്പിച്ച ശേഷം മാത്രമേ നീങ്ങാവൂ. ജലപാതത്തിന്റെ സമീപം ചിലവഴിച്ച ശേഷം ഞങ്ങൾ ഉച്ചക്ക്തി ഒന്നര മണിയോടെ തിരികെ നടക്കാൻ തുടങ്ങി. സൊണാലിയം സ്റ്റേഷനിൽ എത്തുമ്പോൾ ചിലർ അവിടുത്തെ ആൽത്തറയിൽ വിശ്രമിക്കുന്നത് കണ്ടു. ഈ സ്റ്റേഷനിൽ ട്രെയിനുകൾ ഒന്നും തന്നെ നിർത്തുന്നില്ല. നടന്നു തളർന്ന ചിലർ ഏതെങ്കിലും ചരക്കു തീവണ്ടി നിർത്തുമ്പോൾ ഗാർഡിനോട് അപേക്ഷിച്ചു കുലേം വരെ പോകാമെന്നൊക്കെ അഭിപ്രായം പറയുന്നതു കേട്ടു. ചരക്കു തീവണ്ടികളിൽ ഗാർഡ്ഇ റൂമിൽ ആരെയും കയറ്റില്ല. ഇത്തരം അഭിപ്രായങ്ങളിൽ വീഴാതെ സമയം കളയാതെ വേഗം നടന്നു കുലേം സ്റ്റേഷനിൽ എത്താൻ ശ്രമിക്കുക. എപ്പോൾ വേണമെങ്കിലും മഴ പെയ്യാനും യാത്ര താമസിക്കാനും സാധ്യത ഉണ്ട്. ഇരുട്ട് പരന്നാൽ തിരികെയുള്ള യാത്ര അതീവ ബുദ്ധിമുട്ടുള്ളതാവും.

ഞങ്ങൾ നാലരയോടെ കുലേം സ്റ്റേഷനിൽ തിരികെ എത്തി. കാലുകൾക്കു നല്ല വേദന. വിശന്നു പരവശരായ ഞങ്ങൾ എന്തെങ്കിലും കഴിച്ചു വയർ നിറക്കാമെന്ന പ്രതീക്ഷയിൽ സ്റ്റേഷനിലെ ആകെയുള്ള ഒരു ചായക്കടയിൽ എത്തി. അവിടെ ഉണ്ടായിരുന്നത്ചായയും ടൈഗർ ബിസ്‌കറ്റും മാത്രം. അമർഷം ഉള്ളിലൊതുക്കി രണ്ടു ചായ കുടിച്ചു. പട്ടി ബിസ്‌ക്കറ്റ് എന്ന് ഞാൻ കളിയാക്കിയിരിന്ന ടൈഗർ ബിസ്‌ക്കറ്റ് കഴിച്ചു വിശപ്പിനെ തൽക്കാലം അടക്കിയിരുത്തേണ്ടി വന്നു. അഞ്ചേ കാലിനു ഗോവക്ക് തിരിക്കേണ്ട ട്രെയിൻ പ്ലാറ്റുഫോമിൽ എത്തിയിട്ടുണ്ടായിരുന്നു. ട്രെയിനിൽ കയറി ആളൊഴിഞ്ഞ സീറ്റിൽ വേദനിക്കുന്ന കാലും നിവർത്തി വെച്ച്, യാത്ര നൽകിയ അനുഭവവും അയവിറക്കി മലർന്നു കിടന്നു. ട്രെയിൻ ഞങ്ങളെയും കൊണ്ട് മഡ്ഗാവിലേക്ക് കുതിച്ചു.

2 comments:

  1. കൊള്ളാം sir,സ്ത്രീകളെ കൊണ്ടുപോയാല് പാട് പെടും എന്ന് പറഞ്ഞഭാഗമൊക്കെ അടിപൊളി.ഇടയ്ക്കൊക്കെ tiger biscuit കഴിക്കണം.എപ്പോളും യാത്രാവിവരണം --ഭക്ഷണവിവരണം ആകാതിരിക്കാന് ഇതൊക്കെ അനിവാര്യമാണ്.

    ReplyDelete
  2. Super...

    Beautiful photohraphs...u r goof photographer...

    Readers can get travelling experience with u

    ReplyDelete