Friday, December 2, 2016

മധ്യപ്രദേശ് (യാത്രാ വിവരണം)

ഇന്ത്യയുടെ ഹൃദയ ഭൂമിയാണ് മധ്യപ്രദേശ്, രണ്ടാമത്തെ വലിയ സംസ്ഥാനവും. വന്യജീവി  സങ്കേതങ്ങളും, ചരിത്ര-പൈതൃക സ്മാരകങ്ങളും ധാരാളമുണ്ടിവിടെ.കുറഞ്ഞ സമയത്തിനുള്ളിൽ മധ്യപ്രദേശിന്റെ വളരെ കുറച്ചു ഭാഗങ്ങളിൽ കൂടി നടത്തിയ ഒരു ഓട്ട പ്രദക്ഷിണത്തിന്റെ സചിത്ര വിവരണമാണ് ഇത്.

ഭോപ്പാൽ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് വൻ വിഹാർ വന്യ ജീവി സംരക്ഷണ കേന്ദ്രം. എല്ലും തോലുമായ ചില മൃഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിലും എത്രയോ ഭേദമാണ് തിരുവനന്തപുരത്തെ മൃഗശാല.
ഭോപ്പാലിലെ ഭാരത് ഭവൻ ഒരു വിവിധ കലാ കേന്ദ്രവും, മ്യൂസിയവും കൂടി ആണ്. ഞങ്ങൾ അവിടെ എത്തുമ്പോൾ ബംഗാൾ മേള നടക്കുന്നുണ്ടായിരുന്നു. 1982ൽ മധ്യപ്രദേശ് സർക്കാരാണ് ഈ കലാ കേന്ദ്രം സ്ഥാപിച്ചത്. ഈ കേന്ദ്രത്തിന്റെ നിർമ്മിതി കമനീയമായമാണ്. കലാ കേന്ദ്രത്തിന്റെ പരിസര പ്രദേശവും മനോഹരമായി നിർമിച്ചിട്ടുണ്ട്‌. 
ഇന്ത്യയിലെ പ്രാദേശിക വൈവിധ്യം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ആണിത്. National Museum of Humankind ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും തനതു ശൈലിയിലുള്ള വീടുകൾ അതേപടി പുനർസൃഷ്ടിച്ചിട്ടുണ്ട്. ഭോപ്പാൽ നഗരത്തിലാണ് ഈ വ്യത്യസ്തമായ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തീരപ്രദേശത്തെ വീടും, ഒരു നാല് കെട്ടും ഇവിടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ദേശത്തിന്റെ വൈവിധ്യം വളരെ നന്നായി ഈ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഭോപ്പാലിൽ നിന്നും 46 കിലോ മീറ്റർ അകലെയാണ് പ്രശസ്തമായ സാഞ്ചിയിലെ സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവർത്തിയാണ് ഇത് സ്ഥാപിച്ചത്. നടുവിലായി കാണുന്ന വലിയ കുംഭാകാര മന്ദിരത്തിൽ ബുദ്ധന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഭോപ്പാലിൽ നിന്ന് ട്രെയിൻ മാർഗം ഭിൽസ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ഉദയഗിരി ഗുഹകളും, ഹെലിഡോറസ് തൂണും കാണാനായി ഒരു കുതിര വണ്ടിയിൽ തിരിച്ചു. ഞങ്ങളുടെ വണ്ടി വലിച്ചത് ബാദൽ എന്ന സുന്ദരൻ കുതിരയായിരിന്നു. ഗ്രാമ പാതയിൽ കൂടി വേണം ഉദയഗിരി കുന്നുകളിൽ ഏത്താൻ.  ഉദയഗിരി കുന്നിലേക്കു പോകുന്ന വഴിയിലെ കാഴ്ചകൾ നയന മനോഹരമാണ്. തനി വടക്കേ ഇന്ത്യൻ ഗ്രാമ കാഴ്‌ച്ചകളിലൂടെയാണ് ഞങ്ങൾ കടന്നു പോയത്.
ഗുഹാ ക്ഷേത്രങ്ങളാണ് ഉദയഗിരി കുന്നുകളിൽ ഉള്ളത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത രാജാക്കൻമാരാണ് ഗുഹാ ക്ഷേത്രം പണി തീർത്തത്. ഇരുപതോളം ഗുഹകൾ ഇവിടെയുണ്ട്. വിഷ്ണുവിന്റേയും, ശിവന്റെയും ശില്പങ്ങൾ ഇവിടുത്തെ ഗുഹകളിൽ കാണാം. കുന്നിന്റെ മുകൾ ഭാഗത്തു തകർന്നു വീണ കൽമണ്ഡപങ്ങളും കാണാം. വളരെ കുറച്ചു സഞ്ചാരികളെ മാത്രമേ അവിടെ ഞങ്ങൾ കണ്ടുള്ളു.
ഇൻഡോ-ഗ്രീക്ക് പ്രദേശങ്ങൾ ഭരിച്ചിരുന്ന ആന്റിയാൽസിഡാസ് (Antialcidas Nikephoros) രാജവിന്റെ പ്രതിനിധി ഹെലിഡോറസ് 113 (ക്രിസ്തുവിനു മുൻപ്) സ്ഥാപിച്ച തൂണാണ് ഇത്. ശുങ്ങ (Shunga) രാജാവായ ഭഗദ്രതനു (Bhagabhadra) സമ്മാനിച്ചതാണ് ഈ തൂണ്. ഇത് വിദിഷ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സുഷമ സ്വരാജാണ് ഈ മണ്ഡലത്തിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. ഈ തൂണിരിക്കുന്ന സ്ഥലത്തിന് ചുറ്റും പരിസരവാസികൾ എരുമകളെ കെട്ടിയിരിക്കുകയാണ്. പരിസര വാസികൾക്ക് ഇത് കംബ ബാബ എന്ന മൂർത്തിയുടെ ഇരിപ്പിടമാണ്.
ഗ്വാളിയോറിലാണ് പ്രസിദ്ധ സംഗീതജ്ഞനായ താൻസെൻ സ്‌മൃതി മണ്ഡപം. മുഗൾ ചക്രവർത്തി അക്ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു താൻസെൻ. ഇന്ത്യൻ സംഗീത ലോകത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. പാട്ടു പാടി വിളക്ക് തെളിയിച്ചതായും, മഴ പെയ്യിച്ചെന്നും തുടങ്ങിയ അതിശയോക്തി കലർന്ന കഥകൾ അദ്ദേഹത്തെക്കുറിച്ചു പ്രചരിച്ചിട്ടുണ്ട്. താൻസെന്റെ കബറിടവും, സ്‌മൃതി മന്ദിരവും ഇവിടെ ഉണ്ട്. 
ഭോപ്പാൽ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന താജ്-ഉൽ-മസ്ജിദ് (Taj-ul-Masajid)ഈ മുസ്ലിം പള്ളി ഇന്ത്യയിലെ വലിയ പള്ളികളിൽ ഒന്നാണ്. മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ ഭരണ കാലത്താണ് താജ് പള്ളിയുടെ നിർമ്മാണം തുടങ്ങിയത്. പള്ളിയുടെ വലിപ്പവും, ഭംഗിയും അത്ഭുതപ്പെടുത്തും.
ഇൻഡോർ നഗരത്തിലാണ് ഹോൾക്കർ ക്രിക്കറ്റ് മൈതാനം. ഇൻഡോർ ഭരിച്ചിരുന്ന മറാത്ത രാജാവംശമാണ് ഹോൾക്കർ. മധ്യപ്രദേശ് ക്രിക്കറ്റ് അസ്സോസിയേഷന്റെ അധീനതയിലാണ് ഈ മൈതാനം. മുപ്പതിനായിരം പേർക്ക് ഇവിടെ ഇരിക്കാനുള്ള സൗകര്യം ഉണ്ട്. വീരേന്ദ്ര സെവാഗ് വെസ്റ്റ് ഇൻഡീസിനെതിരെ 208 ബോളിൽ 219 റൺ നേടിയതിന് ഈ മൈതാനം സാക്ഷിയാണ്. 2011ൽ ആയിരിന്നു ഈ മത്സരം. അന്താരാഷ്‌ട്ര ഏകദിന മത്സരത്തിലെ മൂന്നാമത്തെ ഉയർന്ന റൺ നില ആയിരിന്നു.
മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമാണ് ഇൻഡോർ നഗരം. മധ്യപ്രദേശിന്റെ ഈ ഭാഗം ഹോൾക്കർ എന്നറിയപ്പെടുന്ന മാറാത്ത വംശജരായ രാജാക്കന്മാർ ആണ് ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാരോട് ഏറ്റ പരാജയത്തിനു ശേഷമാണ് ഹോൾക്കർ രാജാക്കന്മാർ ഭരണ തലസ്ഥാനം ഇൻഡോറിലേക്കു മാറ്റിയത്. ഇന്ദ്രപ്പുർ എന്ന ആദ്യകാല പേര് ലോപിച്ചാണ് ഇൻഡോർ എന്ന പേര് നഗരത്തിനു ഉണ്ടായത്. 
ഹോൾക്കർ ഭരണാധികാരികളുടെ മനോഹരമായ കൊട്ടാരം "രാജ വാഡാ" എന്നറിയപ്പെടുന്നു. മൽഹർ റാവു ഹോൾക്കർ 1766ൽ ആണ് പണി കഴിപ്പിച്ചത്. മാറാത്ത, മുഗൾ, ഫ്രഞ്ച് സമ്മിശ്ര ശൈലിയിലാണ് രൂപകൽപ്പന നടത്തിയിരിക്കുന്നത്. മാണ്ഡുവിൽ നിന്നു അഭയം തേടി വന്ന മുസ്ലിം ശില്പികളാണ് ഇത് നിർമ്മിച്ചത്.

ഹോൾക്കർ രാജവംശത്തിന്റെ സ്മൃതി മന്ദിരങ്ങളാണ് ഇൻഡോർ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഛത്രികൾ (Chhatris). ഓരോ ഛത്രികളും ഓരോ ഹോൾക്കർ വംശത്തിലെ ഭരണാധികാരികളുടെ ഓർമ്മക്കായി പണി കഴിച്ചവയാണ്. നഗര മധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഛത്രികളുടെ രൂപ ഭംഗി അതുല്യമാണ്.

 
ജയ് വിലാസ് കൊട്ടാരം ഗ്വാളിയോർ രാജാവായ ജയാജി റാവു സിന്ധ്യ 1874ൽ പണികഴിച്ചതാണ്. അന്തരിച്ച ലോക സഭ അംഗം മാധവ റാവു സിന്ധ്യ ഇവിടുത്തെ പിന്തലമുറക്കാരനായിരുന്നു. 400 മുറികൾ ഈ കൊട്ടാരത്തിലുണ്ട്. അക്കാലത്തെ എല്ലാ ആഡംബര വസ്‌തുക്കളും ഈ കൊട്ടാരത്തിൽ കാണാം.
ഗ്വാളിയോറിലെ ഭീമാകാരനായ കോട്ട എട്ടാം നൂറ്റാണ്ടിൽ ആണ് പണി കഴിച്ചതെന്ന് കരുതുന്നു. നിരവധി പടയോട്ടങ്ങൾക്കും കീഴടങ്ങലുകൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട നിരവധി ഭരണാധികാരികളുടെ അധീനതയിൽ ഇരുന്നിട്ടുണ്ട്. മുഗളന്മാരും, മറാത്താ രാജാക്കന്മാരും, ഡൽഹിയിലെ സുൽത്താന്മാരും, അവസാനം ബ്രിട്ടീഷുകാരും കോട്ട കൈക്കലാക്കി. മനോഹരമായ ക്ഷേത്രങ്ങൾ ഈ കോട്ടക്കുള്ളിലുണ്ട്. മുഗളനായ ബാബർ ഈ കോട്ട ആക്രമിച്ചു മനോഹരമായ പ്രതിമകളുടെ എല്ലാം ഗളഛേദം ചെയ്‌തു വികൃതമാക്കി. ഇബ്രാഹിം ലോധിയുമായുള്ള യുദ്ധത്തിൽ രാജാ മാൻ സിങ് കൊല്ലപ്പെട്ടതോടു കൂടി ഗ്വാളിയോർ കോട്ട ഡൽഹി സുൽത്താന്മാർ കീഴടക്കി. ഡൽഹി സുൽത്താന്മാരുടെ കയ്യിൽ നിന്നും കോട്ട മുഗള രാജാവ് അക്ബർ കൈക്കലാക്കി. പിന്നീട് മാറാത്തക്കാരും, അവരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാരും കോട്ട പിടിച്ചെടുത്തു. ഭരണാധികാരികളുടെ ബന്ധുജനങ്ങൾക്കിടയിലുണ്ടായ അന്തഃഛിദ്രം മൂലവും ധാരാളം പേർ ഈ കോട്ടയ്‌ക്കുള്ളിൽ കാലപുരി പൂകിയിട്ടുണ്ട്.

കൊണാർക്കിലെ സൂര്യ ക്ഷേത്ര മാതൃകയിൽ ഗ്വാളിയോറിൽ ബിർള കമ്പനിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശാന്ത സുന്ദരമായ ക്ഷേത്ര പരിസരത്തു നിന്നാൽ നഗരത്തിലെ തിരക്കുകൾ അറിയുകയേയില്ല.

വാൽക്കഷണം 
സമയ പരിമിതി മൂലം മധ്യപ്രദേശിന്റെ ഒരു ചെറിയ പങ്ക് പ്രദേശങ്ങളൾ മാത്രമേ ഞങ്ങൾക്ക്  കണ്ടു തീർക്കാൻ സാധിച്ചുള്ളൂ. വന്യ ജീവി സങ്കേതങ്ങളും, ഉൾപ്രദേശങ്ങളും കാണാൻ ഒരിക്കൽ കൂടി ഇവിടേക്ക് വരണം.

No comments:

Post a Comment