Monday, September 5, 2016

കൽക്കത്ത ചിത്രങ്ങൾ (യാത്രാ വിവരണം)

ബാല്യകാലം മുതൽ ബംഗാൾ ഒരു മരീചിക ആയിരിന്നു എനിക്ക്. ബംഗാളിനെക്കുറിച്ചു വായനാനുഭവം മാത്രമാണുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥി ആയിരിന്ന കാലത്ത് വായിച്ച ബംഗാളി നോവലുകളുടെ മലയാള പരിഭാഷ നൽകിയ  വായനാ സുഖം ഇന്നും മനസ്സിലുണ്ട്. ഹേമന്ദ കുമാർ മുഖർജീ, എസ്.ഡി. ബർമൻ, മന്നാ ഡേ, സലിൽ ചൗധരി തുടങ്ങിയ ബംഗാളി സംഗീത പ്രതിഭകളുടെ ഒരു ആരാധകൻ ആണ് ഞാൻ. എന്നെങ്കിലും ബംഗാൾ സന്ദർശിക്കണമെന്ന എന്റെ കുട്ടിക്കാല ആഗ്രഹം സഫലമാകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. 

ബംഗാൾ ലൈബ്രറി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോഹ സ്വന്തന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിന്റെ ക്ഷണിതാക്കൾ ആയിട്ടാണ് ഞങ്ങൾ കൽക്കത്തക്ക് പുറപ്പെട്ടത്‌. കോട്ടയത്ത്‌ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്കും അവിടെ നിന്നും വിമാന മാർഗം കൽക്കത്തയിലേക്കും എത്തി ചേർന്നു. നേതാജിയുടെ പേരിലാണ് കൊൽക്കത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളം (Netaji Subhas Chandra Bose International Airport) അറിയപ്പെടുന്നത്. 

സന്ജോയിയും (നടുവിൽ)  സാഹസികനായ ടാക്സി ഡ്രൈവർക്കുമൊപ്പം.
ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സന്ജോയ് ഡേ എന്ന ലൈബ്രറി സയൻസ് വിദ്യാർത്ഥിയെ ആണ് സംഘാടകർ ചുമതലപ്പെടുതിയിരിന്നത്. വിമാനം ഇറങ്ങിയ ഉടനെ തന്നെ സന്ജോയ് പത്തു നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ ബഹിർഗമന കവാടത്തിൽ സന്ജോയിയെ കാത്ത്  നിൽപ്പ് തുടങ്ങി. പത്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മഞ്ഞ അംബാസിഡർ കാർ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തു വന്നു നിന്നു. സന്ജോയ് ഡോർ തുറന്നു ചാടിയിറങ്ങി പെട്ടെന്നൊരു ഷേക്ക്‌ ഹാണ്ടും തന്നു വേഗത്തിൽ ഞങ്ങളെയും ബാഗുകളെയും കാറിനുള്ളിലാക്കി യാത്ര തുടങ്ങി. ഇത്ര ധൃതി വേണമായിരിന്നോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ് സന്ജോയ് ധൃതി കൂട്ടിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഞങ്ങളുടെ പിറകെ ഒരു സെക്യൂരിറ്റിക്കാരൻ വിസിൽ ഊതിക്കൊണ്ടു വരുന്നുണ്ടായിരിന്നു. പാർക്കിംഗ് ഇല്ലാത്തയിടത്താണ് സന്ജോയ് ഹിന്ദി സിനിമ സ്റ്റൈലിൽ കാർ കൊണ്ട് ചാടിച്ചത്!!

കൊൽക്കത്ത കാഴ്ചകളിലേക്ക്
സെമിനാറിനിടയിൽ വീണു കിട്ടിയ സായാഹ്നങ്ങൾ മാത്രമാണ് ഞങ്ങൾക്ക് കൊൽക്കത്ത നഗരത്തിന്റെ തിരക്കിലേക്കു ഊളിയിടാൻ കിട്ടിയത്. കണ്ട കാര്യങ്ങളുടെ സചിത്ര വിവരണം നടത്താം.

കൊൽക്കത്തയിലെ താരം അംബാസിഡർ കാർ ആണ്. 2014ൽ നിർമ്മാണം അവസാനിപ്പിച്ചെങ്കിലും ഇവിടുത്തെ ടാക്സി ഭൂരിഭാഗവും അംബാസിഡർ കാർ ആണ്. ദീർഘ കാലം ഇന്ത്യൻ റോഡുകൾ അടക്കിവാണ ഇവനാണ് വാഹന രാജാവ്.

തെരുവിലെ ചായ വില്പന. നമ്മുടെ നാട്ടിൽ ചായ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമാണ്. ആവശ്യത്തിന് പാൽ തിളപ്പിച്ച്, ചായപ്പൊടി ഇട്ടു ചൂടോടെ മൺ കോപ്പയിൽ കൊടുക്കുന്നു.

മൂന്ന് അളവുകളിൽ ചായ ലഭിക്കും. വലിയ ചായക്ക്‌ 30 രൂപ കൊടുക്കണം. നമ്മുടെ നാട്ടിലെ ചായയിലേക്കാൾ പാലിന്റെ അളവ് കൂടുതലും വെള്ളത്തിന്റെ അളവ് കുറവുമാണ്!!

മലയാളികളെപ്പോലെ ബംഗാളികളും നല്ല ചായ കുടിയന്മാരാണ്. ഏതു നേരവും ചായക്കടക്ക് മുൻപിൽ ചെറിയൊരാൾക്കൂട്ടം ഉണ്ടാവും. ബിസ്‌ക്കറ് രൂപത്തിലുള്ള ഒരു ചെറുകടി മാത്രമേ ചായക്കൊപ്പം കണ്ടുള്ളു. ചായകുട്ടിക്കാർ അതിൽ താല്പര്യവും കാണിക്കുന്നില്ല.

നഗര മധ്യത്തിലെ പച്ചക്കറി ചില്ലറ വിൽപ്പനക്കാരൻ.

പുതിയ കൊൽക്കത്തയിലെ സിറ്റി സെന്ററിലെ ചത്വരം. നഗര യുവത്വം ആഘോഷങ്ങൾക്ക് കൂട്ടുന്നത് ഇവിടെയാണ്.

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം അംബാസിഡർ കാറുകൾ മാത്രം. 1956ൽ ഇംഗ്ലണ്ടിലെ  മോറിസ് കമ്പനിക്കാർ രൂപം കൊടുത്ത അടിസ്ഥാന മോഡലിൽ നിന്നും ഇന്ന് വരെയും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല.

പ്രഭാത കുളിരിനെ പ്രതിരോധിക്കാൻ ചാമ്പലിൽ ചൂട് തേടുന്ന തെരുവ് നായ്‌ക്കൾ.

നഗരത്തിലെ ഒരു മാടക്കട. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾക്ക് മാസം പതിനായിരം രൂപ കൊടുത്താണ് ഇത് നടത്തുന്നത് എന്ന് പരിസരവാസി  പറഞ്ഞു.

പഴയ കൊൽക്കത്തയിലെ പാർക്ക് സ്‌ട്രീറ്റിലുള്ള 'മൊകംബോ' ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള റെസ്റ്റോറന്റ് ആണ്. ഇവിടുത്തെ പാശ്ചാത്യ വിഭവങ്ങൾ പെരുമയാർജിച്ചതാണ്. പഴമയുടെ പാരമ്പര്യം പേറുന്ന ധാരാളം ഭോജനശാലകൾ കൽക്കത്തയിൽ ഉണ്ട്.
മൊകംബോ റെസ്റ്റോറന്റിനുള്ളിൽ.

പഴയ കൽക്കത്തയിൽ കണ്ട ട്രാം.1902 മുതൽ ഓടിത്തുടങ്ങിയ കൽക്കത്ത ട്രാം സർവീസ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ട്രാം സർവീസ് ആണ്. കാലപ്പഴക്കം കൊണ്ട് ട്രാമുകൾ എല്ലാം തന്നെ അവശ കലാകാരന്മാരായി തോന്നി.

ബംഗാൾ കോട്ടൺ സാരികൾ വിൽക്കുന്ന ഒരു പരമ്പരാഗത കട.വ്യത്യസ്ത നിറങ്ങളുള്ള സാരികൾ എല്ലാം തന്നെ നല്ല കണ്ണിനു നല്ല കാഴ്ചയാണ്.

പഴയ കൊൽക്കത്ത തെരുവ്.

ബംഗാൾ ശൈലിയിലുള്ള ഊണ്. മീൻ കറിക്കു അൽപ്പം മധുരം ഉണ്ടാവും. അച്ചാറിനും മധുരമാണ്.

തെരുവിൽ വിൽപ്പനക്ക് വെച്ചിരിക്കുന്ന പച്ചക്കറി. ഇത്രയും പച്ച നിറത്തിലുള്ള പച്ചക്കറി ഞാൻ വേറെങ്ങും കണ്ടിട്ടില്ല!!

സൈക്കിൾ റിക്ഷകൾ കാണണമെങ്കിൽ കൽക്കത്തയിൽ തന്നെ വരണം.

ഹൂബ്ലി നദിക്കു കുറുകെ ആളുകളെ കടത്താൻ തയ്യാറായി നിൽക്കുന്ന ബോട്ട്.


ഹൂബ്ലി നദി കടന്നു വേണം ബേലൂർ മഠത്തിൽ എത്താൻ. ബോട്ടിലിരിന്നു ഗംഭീരമായ ഹൂബ്ലി നദി കടക്കുമ്പോൾ ഹേമന്ത് കുമാർ മുഖർജി 'കാബൂളിവാല' എന്ന ചിത്രത്തിന് വേണ്ടി പാടിയ "ഗംഗ ആയേ കഹാ സേ" എന്ന പാട്ടു മനസിലേക്ക് ഓടി വന്നു. ഈ പാട്ടിനു ഈണമിട്ടത് സലിൽ ചൗധരിയാണ്.

ബേലൂർ മഠത്തിന്റെ ബോട്ടിൽ നിന്നുള്ള വിദൂര ദൃശ്യം. ഹൂബ്ലി നദിയുടെ പടിഞ്ഞാറേക്കരയിൽ ആണ് ബേലൂർ മഠം സ്ഥിതി ചെയ്യുന്നത്.

രാമകൃഷ്ണ മഠത്തിന്റെ ആസ്ഥാനം ബേലൂർ ആണ്. 1938ൽ സ്വാമി വിവേകാനന്ദൻ ആണ് ബേലൂർ മഠം സ്ഥാപിച്ചത്. ഇവിടുത്തെ ക്ഷേത്രം ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ശൈലികളുടെ ഒരു സമ്മേളനം ആണ്.

രസഗോള ഇല്ലാതെ ബംഗാളിൽ മധുര വിഭവങ്ങൾ പൂർണമാവില്ല. വിവിധ തരം രസഗോളകൾ.
ഒരു കാലത്തു ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ തലസ്ഥാനം ആയിരിന്നു കൊൽക്കത്ത. ഇതിനും പുറമെ വാണിജ്യ, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ കേന്ദ്രവും ഒക്കെ ആയിരിന്നു. ഇന്ത്യൻ സ്വാതന്ത്രം പ്രാപിക്കുന്നതിന് മുൻപുള്ള കാലത്തു ശാസ്ത്ര, സാഹിത്യ, ഭരണ രംഗങ്ങളിലെ പ്രമുഖരെല്ലാം തന്നെ ബംഗാളിൽ നിന്നുള്ളവരായിരുന്നു. ക്ഷയിച്ച തറവാടിന്റെ അവസ്ഥയിലാണ് ഇന്നത്തെ ബംഗാൾ എന്നാണു പലരോടും സംസാരിച്ചപ്പോൾ മനസ്സിലായത്. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം പോയി എന്ന് പൊതു അഭിപ്രായം.

ബംഗാളികൾക്കും മലയാളികൾക്കും പല വിഷയങ്ങളിലും ഉള്ള ചിന്തകളിലും മനോഭാവങ്ങളിലും സാമ്യം ഉണ്ട് എന്ന് മൂന്നു ദിവസത്തെ കൽക്കത്ത നിവാസികളുമായുള്ള സംസർഗ്ഗത്തിൽ നിന്നും മനസ്സിലായി. കൊൽക്കത്തയിലെ പല പ്രധാന കാഴ്ചകളും, ഇടങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ സന്ദർശിക്കാൻ സാധിച്ചില്ല എന്നൊരു ദുഃഖമുണ്ട്. ഇക്കാലത്തു കേരളത്തിൽ നിന്ന് ബംഗാളിലെത്താൻ വലിയ ബുദ്ധിമുട്ടില്ല എന്നതും ഇവിടെ വരാൻ ഇനിയും അവസരങ്ങൾ ഉണ്ടാകും എന്ന ആശ്വാസത്തോടെ ഞങ്ങൾ കൊൽക്കത്തയോട് വിട പറഞ്ഞു.

3 comments:

  1. വാചാലമായ ,മനോഹരങ്ങളായ ചിത്രങ്ങൾ!!!

    ReplyDelete
  2. കൊൽക്കത്തയുടെ വ്യത്യസ്ത മുഖങ്ങൾ-ചിത്രങ്ങളിലൂടെ

    ReplyDelete
  3. Worderful travalogue... pls write more

    ReplyDelete