Sunday, May 24, 2015

രക്ഷാകര്‍തൃ നിയമ ഭേദഗതി 2015 (Guardians and Wards (Amendment) Bill)

ദേശീയ നിയമ സമിതി (National Law Commission) നിലവിലുള്ള  രക്ഷാകര്‍തൃ നിയമം (Guardians and Wards Act, 1890) ഭേദഗതി ചെയ്യാൻ ശ്രീ. അജിത് പ്രകാശ് ഷാ അധ്യക്ഷനായുള്ള കമ്മിറ്റി 2014ൽ രൂപീകരിച്ചു. മെയ്‌ 2015ൽ ഭേദഗതി ബില്ലിന്റെ കരടു രൂപം സർക്കാരിനു സമർപ്പിച്ചു.

പശ്ചാത്തലം
സംയുക്ത രക്ഷാകര്‍തൃത്വം ആണ് ഈ ഭേദഗതിയിലെ പ്രധാന പ്രത്യേകത. സംയുക്ത രക്ഷാകര്‍തൃത്വം സ്ഥാപിച്ചു കിട്ടാൻ ഇന്ത്യൻ നിയമത്തിൽ നിലവിൽ വകുപ്പുകൾ ഇല്ലായിരിന്നു.
Image courtesy: The Hindu daily
വിവാഹ മോചനം നടക്കുമ്പോൾ കുട്ടികളെ സ്വാഭാവികമായും മാതാവിന്റെ സംരക്ഷണയിൽ വിട്ടുകൊടുക്കുകയും, കുട്ടികൾക്ക് പിതാവിന്റെ സാമീപ്യം നഷ്ടമാവുകയും ചെയ്യും. പിതാവിന് കുട്ടിയെ സന്ദർശിക്കാൻ (Visitation Rights) മാത്രമാണ് കോടതി അനുവദിക്കുക. പിതാവിന്റെ വാത്സല്യവും, സ്നേഹവും അനുഭവിക്കാൻ കുട്ടികൾക്ക് അവസരം കിട്ടുന്നില്ല. കുട്ടികളെ വളർത്തുന്നതിൽ തീരുമാനം എടുക്കാനും, പങ്കാളിയാകാനും അവസരം നിഷേധിക്കുന്നു. 

 
പ്രമുഖ ക്രിക്കറ്റർ അനിൽ കുംബ്ലെയുടെ രണ്ടാമത്തെ ഭാര്യയും മുൻ ഭർത്താവും വിവാഹ മോചനത്തിന് ശേഷമുള്ള സുപ്രീം കോടതിയിലെ കേസ് (Kumar V. Jahgirdar vs Chethana Ramatheertha) ആണ് സംയുക്ത രക്ഷാകര്‍തൃത്വം ഇന്ത്യൻ നിയമത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അനിൽ കുംബ്ലെയുമായി കറങ്ങി നടക്കുന്നത് കൊണ്ട് മാതാവിന് പെണ്‍കുട്ടിയെ പിതാവിനെ കാണിക്കാൻ സാധിക്കാതെ വന്നു. പിതാവ് സംയുക്ത രക്ഷാകര്‍തൃത്വം അനുവദിച്ചു കിട്ടുന്നതിനായി പരമോന്നത കോടതിയെ സമീപിക്കുകയും ചെയ്തു. ആഴ്ച അവസാനങ്ങളിലും, അവധിക്കാലത്തും പിതാവിനൊപ്പം കുട്ടിക്ക് കഴിയാൻ കോടതി അനുവദിച്ചു. കുട്ടിയുടെ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാൻ മാതാവിനൊപ്പം തന്നെ പിതാവിനെയും അനുവദിച്ചു.

നിരവധി സർക്കാർ ഇതര സംഘടനകളുടെയും, കുട്ടികളുമായി വേർപിരിയേണ്ടി വന്ന പിതാക്കൻമാരുടെയും അഭ്യർഥനയെ മാനിച്ചാണ് സർക്കാർ സ്വമേധയാ തന്നെ ഈ ഭേദഗതിക്കു തുടക്കമിട്ടത്. മാറിയ സാമൂഹിക-കുടുംബ അന്തരീക്ഷത്തിൽ സംയുക്ത രക്ഷാകര്‍തൃത്വം അത്യന്താപേക്ഷിതം ആണെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകളും തിരക്കുള്ളവരാണ്. സമയം കുറവുള്ള മാതാവിന് കുട്ടികളെ നോക്കാൻ സാധിക്കാതെ വരുന്ന അവസരത്തിൽ സംയുക്ത മേൽനോട്ടം കുട്ടികളുടെ വളർച്ചക്ക് ഗുണം ചെയ്യും. 

എന്താണ് സംയുക്ത രക്ഷാകര്‍തൃത്വം
മാതാവിനും, പിതാവിനും കുട്ടിയുടെ വളർച്ചക്കും, പരിരക്ഷക്കും ഒരേ പോലെ ഉത്തരവാദിത്വം നൽകുന്നു. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഇരുവർക്കും ഒരു പോലെ അധികാരം ഉണ്ടാവും. മാതാപിതാക്കൾ പിരിഞ്ഞതിനു ശേഷം കുട്ടിയുടെ താമസം ഏതെങ്കിലും ഒരു രക്ഷിതാവിന്റെ കൂടെ ആണെങ്കിൽ പോലും രണ്ടു പേർക്കും തീരുമാനങ്ങൾ എടുക്കുന്നതിൽ തുല്യ അധികാരം ഉണ്ടാവും. ഏതെങ്കിലും ഒരു രക്ഷിതാവിനു കൂടുതൽ പ്രാമുഖ്യം ഉണ്ടാവില്ല എന്നർത്ഥം. മാതാപിതാക്കൾ പിരിഞ്ഞ കുട്ടികളുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാർഗമായാണ് നിയമ സംവിധാനങ്ങൾ സംയുക്ത രക്ഷാകര്‍തൃത്വത്തെ കാണുന്നത്. കുട്ടികളുടെ ശരിയായ മാനസിക-വൈകാരിക വളർച്ചയാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഭേദഗതിയിലെ പ്രധാന പരാമർശങ്ങൾ 
രക്ഷാകര്‍തൃ നിയമ ഭേദഗതി ബിൽ 2015 ന്റെ (Guardians and Wards (Amendment) Bill) മറ്റു പ്രസക്ത ഭാഗങ്ങൾ താഴെ പറയുന്നവ ആണ്:

മാതാപിതാക്കൾ പിരിഞ്ഞാലും കുട്ടിക്ക് രണ്ടു പേരുടെയും സംരക്ഷണം ശരിയായ വിധം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

കുട്ടികളുടെ സംരക്ഷണ ചെലവ് മാതാപിതാക്കൾ തുല്യമായി വഹിക്കണം. ഇത് 25 വയസ്സ് വരെ തുടരണം. 

കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസ വിവരങ്ങളും, രേഖകളും പിതാവിനും മാതാവിനും ഒരേ പോലെ അറിയാനുള്ള അവകാശം. 

അപ്പൂപ്പൻ, അമ്മൂമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ തുടങ്ങിയവരെ കാണാനുള്ള അവസരം. ബന്ധുക്കൾക്ക് കുട്ടിയെ സ്ഥിരമായി സന്ദർശിക്കുന്നതിന് കോടതിയെ സമീപിക്കാം. കുട്ടികളുടെ ക്ഷേമത്തിന് ഇതാവശ്യമാണ്. 

ഒരു രക്ഷിതാവ് മറ്റു രക്ഷിതാവിനു കുട്ടിയെ കാണാൻ അസൌകര്യം ഉണ്ടാക്കും വിധം സ്ഥലം മാറാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിന് മുൻപ് തന്നെ നോട്ടീസ് കൊടുക്കേണ്ടതാണ്. ദുരുദ്ദേശ പരമായി ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ രക്ഷിതാവിനു കോടതിയെ സമീപിക്കാവുന്നതാണ്. ഈ സ്ഥലം മാറ്റം കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമാണെങ്കിൽ കോടതിക്ക് ഇടപെടാവുന്നതാണ്. കുട്ടിക്ക് രക്ഷിതാവിനെ കാണുന്നതിനു ഭംഗം വരുത്താൻ പാടില്ല. 

മാതാപിതാക്കൾ കുട്ടിയെ സംബന്ധിച്ച് പരസ്പരം അറിഞ്ഞിരിക്കേണ്ട/ അറിയിച്ചിരിക്കേണ്ട കാര്യങ്ങൾ: സ്കൂൾ, ക്ലാസ്സ്‌, പഠന വിഷയങ്ങൾ, വിനോദ യാത്രകൾ, കുട്ടിയെ ദൂര സ്ഥലത്ത് അവധിക്കു കൊണ്ട് പോകുന്നുവെങ്കിൽ ആ വിവരം. ഇത്തരം കാര്യങ്ങൾ കൃത്യമായി കുട്ടിയെ സംരക്ഷിക്കുന്നയാൾ മറ്റു രക്ഷിതാവിനെ അറിയിക്കേണ്ടതാണ്. 

രക്ഷിതാവ് കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമായി പെരുമാറുന്ന പക്ഷം കോടതിക്ക് ഇടപെടാവുന്നതാണ്. രക്ഷാകര്‍തൃത്വം പുനർനിർണ്ണയിക്കുകയും ചെയ്യാം.

ഉപസംഹാരം
മാതാപിതാക്കളുടെ സൌകര്യത്തിനുപരി കുട്ടികളുടെ ക്ഷേമം ആണ് ഈ ഭേദഗതിയുടെ പരമമായ ലക്‌ഷ്യം. പിരിഞ്ഞ മാതാപിതാക്കളുടെ പിടിവാശിയും , വിദ്വേഷവും കുട്ടികളെ ബാധിക്കാൻ പാടില്ല എന്ന് ഈ ഭേദഗതി വിവക്ഷിക്കുന്നു. 

റഫറൻസ്


Ajit Prakash Shah. (2015). Reforms in Guardianship and (No. 257) (p. 85). New Delhi: National Law Commission, India. Retrieved from http://lawcommissionofindia.nic.in/reports/ReportNo.257 Custody Laws.pdf

Gangadhar S Patil. (2014, October 30). Law commission to suggest amendment to Guardians and Wards Act. Economic Times. New Delhi. Retrieved from http://articles.economictimes.indiatimes.com/2014-10-30/news/55595418_1_shared-parenting-child-custody-joint-custody

J. Venkatesan. (2009, July 28). Court asks Kumble’s wife to negotiate with former husband on daughter’s custody. The Hindu. Retrieved from http://www.thehindu.com/todays-paper/tp-national/court-asks-kumbles-wife-to-negotiate-with-former-husband-on-daughters-custody/article240476.ece

ND TV. (2015, May 23). Law Panel For Joint Custody of Child in Divorce Cases. Retrieved May 24, 2015, from http://www.ndtv.com/india-news/law-panel-for-joint-custody-of-child-in-divorce-cases-765376

Supreme Court of India. Kumar V. Jahgirdar vs Chethana Ramatheertha on 29 January, 2004 (Supreme Court of India). Retrieved from http://indiankanoon.org/doc/1388050/
 

Monday, May 18, 2015

മൊബൈൽ ഫോണ്‍ (ചെറുകഥ)

മത്തായിച്ചൻ ലോട്ടറി മൊത്തക്കടയിൽ നിന്നും ടിക്കറ്റുകൾ വാങ്ങി കയ്യിലുണ്ടായിരിന്ന ചെറിയ ബാഗിൽ തിരുകി. വളരെ നാളുകൾ രോഗ ശയ്യയിൽ ആയിരുന്നു. എന്തെങ്കിലും വരുമാന മാർഗം കണ്ടെത്താതെ ജീവിതം മുന്നോട്ടു പോകില്ല. ആകെ അറിയാവുന്നത് ലോട്ടറി കച്ചവടം ആണ്. ഈ വാർധക്യത്തിലും വിശ്രമമില്ലല്ലോ എന്ന് അയാൾ സ്വയം സഹതപിച്ചു. 

ചുട്ടു പൊള്ളുന്ന വെയിലിൽ കിതച്ചു കൊണ്ട് അയാൾ ബസ്‌സ്റ്റാന്റിലേക്ക് നടന്നു. പരിചയക്കാരായ ലോട്ടറി കച്ചവടക്കാർ കുശലം അന്വേഷിച്ചു കൊണ്ട് ഓടി വന്നു. എല്ലാവരോടും കുറച്ചു വാക്കുകളിൽ മറുപടി പറഞ്ഞു, എങ്ങനെയും ലോട്ടറി വിറ്റഴിക്കാനുള്ള വെമ്പൽ ആയിരിന്നു. കുറച്ചു ടിക്കറ്റുകൾ ബാഗിൽ നിന്ന് കയ്യിലെടുത്തു കൊണ്ട് നിർത്തിയിട്ടിരുന്ന തിരക്കില്ലാത്ത ഒരു ബസിലേക്ക് കയറി.

ബസ്സിൽ കൂടുതലും ചെറുപ്പക്കാർ ആണ്. ബസ്സിന്റെ മുൻ വരിയിൽ നിന്ന് കൊണ്ട് ടിക്കറ്റുകൾ മുന്നിലേക്ക്‌ നീട്ടി പിടിച്ചു, പക്ഷെ ശബ്ദം പുറത്തു വന്നില്ല. ഏറെ നാളുകൾക്കു ശേഷം ആയതു കൊണ്ടാവണം പറഞ്ഞു തുടങ്ങാൻ ഒരു വിമ്മിഷ്ടം പോലെ. ഒരു വിധത്തിൽ പറഞ്ഞു തുടങ്ങി, പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും കുനിഞ്ഞിരുന്നു എന്തൊക്കെയോ ചെയ്യുന്നു. മത്തായിച്ചൻ യാത്രക്കാരെ ആകെയൊന്നു നോക്കി. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, കാമുകി-കാമുകന്മാർ, ദമ്പതികൾ തുടങ്ങി എല്ലാ തരക്കാരും ഉണ്ട്. എല്ലാവരും മൊബൈൽ ഫോണിൽ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു. താൻ ബസ്സിൽ കയറിയതും ഉറക്കെ വിളിച്ചു പറഞ്ഞതൊന്നും ആര് കേട്ട മട്ടില്ല.

മത്തായിച്ചൻ സീറ്റുകൾക്കിടയിലൂടെ മുന്നോട്ടു നടന്നു. യാത്രക്കാർ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നു. ചിലരുടെ വിരലുകൾ അതിവേഗത്തിൽ ബട്ടണുകളിൽ ചലിക്കുന്നു. മറ്റു ചിലർ ഫോണിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു. കുറച്ചു പേർ വിവിധ ബഹളത്തിനിടയിലും ഹെഡ് ഫോണ്‍ ചെവിയിൽ തിരുകി പാട്ടു കേൾക്കുന്നു. മത്തായിച്ചൻ ഓരോരുത്തരുടെയും മുന്നിലേക്ക്‌ ടിക്കറ്റുകൾ നീട്ടി. കൂടുതൽ പേരും ശ്രദ്ധിച്ചതേയില്ല, ചിലർ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് വീണ്ടും മൊബൈൽ ഫോണിലേക്ക് മുഖം താഴ്‌ത്തി. 

മുട്ടിയിരിന്നു മൊബൈലിൽ ശ്രദ്ധിക്കുന്ന യുവമിഥുനങ്ങളുടെ അടുത്തേക്ക് മത്തായിച്ചൻ ലോട്ടറിയുമായി എത്തി. അബദ്ധത്തിൽ മൊബൈലിൽ നിന്നും ശ്രദ്ധ മാറിയതും മത്തായിച്ചൻ ലോട്ടറി ചെറുപ്പക്കാരന്റെ മുഖത്തേക്ക് നീട്ടി. മത്തായിച്ചന്റെ ദൈന്യഭാവം കണ്ടത് കൊണ്ടാവണം ചെറുപ്പക്കാരന്റെ കൈ അറിയാതെ പോക്കറ്റിലേക്ക് നീണ്ടു. അൻപതിന്റെ നോട്ട് ക്രമേണ പോക്കറ്റിൽ നിന്നും ഉയർന്നു വരുന്നത് കണ്ടു മത്തായിച്ചന്റെ കണ്ണുകൾ വികസിച്ചു. വളരെ നാളുകൾക്കു ശേഷമുള്ള ആദ്യത്തെ കച്ചവടം നടക്കാൻ പോകുന്നു. പെട്ടെന്ന്, മൊബൈൽ ഫോണിൽ എന്തോ കണ്ടു രസിച്ചിരിന്ന കാമുകി സന്തോഷം കൊണ്ട് ചെറുപ്പക്കാരന്റെ തുടയിൽ ആഞ്ഞടിച്ചു. അടികൊണ്ടു വേദനിച്ച ചെറുപ്പക്കാരൻ ഒന്ന് ഞെട്ടി, അമ്പതു രൂപ നോട്ട് വിരലുകൾക്കിടയിൽ നിന്നും തിരികെ പോക്കറ്റിലേക്കു വീണു. ഒരു ഗുസ്തിക്കാരന്റെ ലാഘവത്തോടെ കാമുകി ചെറുപ്പക്കാരന്റെ കഴുത്തിന്‌ പുറമേ കയ്യിട്ടു  മുഖം മൊബൈൽ സ്ക്രീനിലേക്ക് ബലമായി താഴ്‌ത്തി. ചെറുപ്പക്കാരന് മുഖമുയർത്താൻ അവൾ സമ്മതിച്ചില്ല. 

മത്തായിച്ചന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ദൈവമേ, ആദ്യത്തെ കച്ചവടം പാഴായല്ലോ, മത്തായിച്ചൻ പിറുപിറുത്തു. എല്ലാവരെയും ശപിച്ചു കൊണ്ട്  അയാൾ ആഞ്ഞു ചവിട്ടിക്കൊണ്ട്  ബസ്സിന്റെ പടികൾ ഇറങ്ങി. 

Sunday, May 3, 2015

നിങ്ങള്‍ ആന പ്രേമിയാണോ?

Image Courtesy: Frontline
എങ്കില്‍ പത്തുമിനുട്ട് ഈ പോസ്റ്റ് വായിക്കാന്‍ ചിലവാക്കുക. നിങ്ങളുടെ എളുപ്പത്തിനുവേണ്ടി പട്ടികരൂപത്തില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്.
1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.
2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. 
കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.

3.ആനകൾ സാമൂഹ്യ ജീവികളാണ്.  
സാധാരണഗതിയില്‍ ആനകള്‍ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.
4. ചതിക്കുഴി. 
ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.
5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. 
 ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.
6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍‌നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. 
ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.
7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. 
തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.
8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. 
കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.
9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. 
അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.
10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല.  
പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. 
കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.
12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്.  
അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. 
അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. 
അപൂര്‍‌വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.
15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. 
ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്. ഇപ്പോഴും നിങ്ങള്‍ ആനപ്രേമിതന്നെയാണോ?

കടപ്പാട്: ജിതിൻ ദാസ്