Tuesday, December 22, 2015

തലശ്ശേരി കാഴ്ചകൾ

തലശ്ശേരി എന്നത് ഭക്ഷണ പ്രേമികളുടെ ഭൂപടത്തിലെ പ്രധാന ഇടമാണ്. സ്വാദിന്റെയും സാഹിസകതയുടെയും കേന്ദ്രം കൂടിയാണ്. അത് കൊണ്ടാണ് തലശ്ശേരി മൂന്ന് C-കൾക്ക് പ്രസിദ്ധമാണെന്നു പറയപ്പെടുന്നത്; സർക്കസ് (Circus), കേക്ക് (Cake), ക്രിക്കറ്റ്‌ (Cricket). കേരളത്തിന്റെ സർക്കസ് പാരമ്പര്യം തലശ്ശേരിയിൽ നിന്നാണ് ആരംഭിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ കീലേരി കുഞ്ഞിക്കണ്ണൻ ആശാൻ ആണ് തലശ്ശേരിയിലെ സർക്കസ് പരിശീലനം തുടങ്ങിയത്. ഇതിനെത്തുടർന്ന് ധാരാളം സർക്കസ്  പ്രതിഭകൾ ഇവിടെ ഉണ്ടായി. ജെമിനി സർക്കസ് കമ്പനി അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും സർക്കസിന്റെ തലശ്ശേരി പെരുമ ഉറപ്പിച്ചു. തലശ്ശേരിക്കാരുടെ ബേക്കറികൾ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിലും ഉണ്ട്. തിരുവനന്തപുരത്തെ ശാന്താ ബേക്കറിയും (Shantha bakery), കോട്ടയത്തും, ചങ്ങനാശ്ശേരിയിലുമുള്ള ബെസ്റ്റ് ബേക്കറിയും (Best bakery) തലശ്ശേരിക്കാർ തുടങ്ങിയതാണ്‌. തലശ്ശേരിയുടെ പട്ടണത്തിന്റെ അതിരിന്റെ പകുതിയോളം  അറബിക്കടലിന്റെ ആലിംഗനത്തിൽ അമർന്നു കിടക്കുകയാണ്. എഴുകുന്നുകളുടെ നഗരം എന്നൊരു വിശേഷണവും തലശ്ശേരിക്കുണ്ട്. ഇതിനെല്ലാം പുറമേ പഴയ ബ്രിട്ടീഷ്‌ മലബാറിന്റെ ഭരണ സിരാകേന്ദ്രം ആയിരിന്നു തലശ്ശേരി.

തലശ്ശേരിയിലെ പഴയ ബസ്‌ സ്റ്റാന്റ് ജങ്ക്ഷൻ. ഇവിടെയാണ് പ്രശസ്തമായ ജയഭാരതി ബേക്കറി. ധാരാളം തുണിക്കടകൾ ഇവിടെയുണ്ട്.