Thursday, January 1, 2015

വിവാഹ ബന്ധം പുനസ്ഥാപിക്കാനുള്ള അപേക്ഷ (Restitution of Conjugal Rights)

ഇക്കാലത്ത് വിവാഹ ബന്ധം സമാധാനപരം അല്ല. പുരുഷനും സ്ത്രീയും സങ്കൽപ ലോകത്താണ് ജീവിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുമ്പോൾ യാഥാർത്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ഉഴലുകയും, വിവാഹത്തിന് മുൻപ് മനസ്സിൽ കെട്ടിപ്പൊക്കിയ പളുങ്ക് കൊട്ടാരം തകർന്നടിയുകയും ചെയ്യും. ജീവിതത്തെ ലാഘവത്തോടെ കാണുന്നത് കൊണ്ട് പ്രശ്നങ്ങളെ വേണ്ടവിധത്തിൽ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള ക്ഷമ യുവതി യുവാക്കൾക്ക് കുറവാണ്.

നിസ്സാര കാര്യങ്ങൾക്ക് പോലും ഭാര്യയെ/ ഭർത്താവിനെ ഉപേക്ഷിച്ചു കടന്നു കളയുന്ന പ്രവണത ഇക്കാലത്ത് കൂടുതലായി കണ്ടു വരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിച്ചു കൊടുക്കാത്തതിനു ഒരു മലയാളി യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ച വാർത്ത‍ ഈയിടെ പത്രത്തിൽ വരികയുണ്ടായി. നിസ്സാര കാര്യങ്ങൾക്ക് പോലും ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം മാതാപിതാക്കളോടൊപ്പം ജീവിക്കാൻ പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. കുട്ടിക്ക് വാങ്ങിച്ചു വെച്ച ബിസ്കറ്റ് ഭർത്താവ് കഴിക്കുന്നു എന്നത് കൊണ്ട് ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് ഒരു യുവതി കോടതിയിൽ ആരോപിക്കുകയുണ്ടായി!! ചായയുടെ കൂടെ ബിസ്കറ്റ് കഴിക്കാറുണ്ട് എന്ന് ഭർത്താവ് സമ്മതിച്ചു. സന്തോഷത്തോടെ ചെയ്ത കാര്യങ്ങൾ എല്ലാം തന്നെ പിന്നീട് ആരോപണങ്ങളായി തിരിച്ചു വിടുന്നതും പതിവാണ്. ഭർത്താവ് ബ്ളൂ ഫിലിം കാണിച്ചു എന്നതു പ്രധാന കാരണമായി ഒരു യുവതി കൌണ്‍സിലിംഗ് സമയത്ത് ഉന്നയിച്ചത്. ഇണങ്ങിയിരിന്ന സമയത്ത് ദമ്പതികൾ ഒരുമിച്ചിരിന്ന് ബ്ലൂ ഫിലിം കണ്ടിരിന്നു എന്ന് പാവം ഭർത്താവ് കൌണ്‍സിലറോട് പറഞ്ഞു!! നല്ല നാളുകളിൽ ഒരുമിച്ചു സന്തോഷത്തോടെ ചെയ്ത കാര്യങ്ങൾ ആരോപണങ്ങൾ ആയി ദമ്പതികൾ ഉന്നയിക്കുന്നത്പതിവാണ്.

 ഹൃസ്യകാലത്തേക്ക് പിണങ്ങി മാറി നിൽക്കുകയും, പിന്നീട് തിരികെ വരുന്നതും സ്വാഭാവികമാണ്. പിണങ്ങിപ്പോക്ക് തുടർച്ചയായി സംഭവിക്കുകയും, തിരിച്ചു വരാനുള്ള കാലദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ തുടങ്ങുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളുടെ ഇടയിലാണ് പിണങ്ങിപ്പോക്ക് കൂടുതലായി കണ്ടു വരുന്നത്. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം ആർജിച്ചതാണ് ഒരു പ്രധാന കാരണമായി പറഞ്ഞു വരുന്നത്. കുടുംബമായി ജീവിക്കാൻ ആത്മവിശ്വാസം കുറഞ്ഞവരും, മാതാപിതാക്കളോട് വിവാഹശേഷവും അതിവിധേയത്വം കൂടുതലുള്ള സ്ത്രീകൾ ആണ് പിണങ്ങിപ്പോക്ക് ഒരു വിനോദമായി കാണുന്ന മറ്റൊരു വിഭാഗം. വിവാഹേതര  ബന്ധം വെച്ച് പുലർത്തുന്നവർ  എന്തെങ്കിലും നിസ്സാര കാരണം പറഞ്ഞു കൊണ്ട് എപ്പോഴും അകലാൻ ശ്രമിച്ചു കൊണ്ടിരിക്കും. ഭർത്താവ് എന്ത് ചെയ്താലും ഇത്തരക്കാർ കുറ്റം കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. പിണങ്ങി പോക്കിന്റെ കാരണങ്ങൾ വിവിധങ്ങളാണ്. സാമൂഹിക ചുറ്റുപാടുകൾ അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ കാണാം.

നിയമത്തിന്റെ കാഴ്ചപ്പാടിൽ വിവാഹം ഒരു കരാർ ആണ്. ദീർഘകാലത്തേക്ക് പിണങ്ങി പോകുകയും, ഒരുമിച്ചു ജീവിക്കാൻ തയ്യാറാകാത്തതും കരാർ ലംഘനം ആണ്. ദീർഘ കാലത്തേക്ക് പിരിഞ്ഞു താമസിക്കുന്നത് ക്രൂരതയായിട്ടാണ് നിയമം കാണുന്നത്. ജീവിത പങ്കാളി തുടർച്ചയായി പിണങ്ങിപ്പോക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ, ബന്ധം പുനസ്ഥാപിക്കാൻ നിങ്ങളെ സഹായിക്കുന്ന സിവിൽ നിയമം ആണ് Restitution of Conjugal Rights.

പിണങ്ങിപ്പോയ പങ്കാളിയെ തിരികെ കൊണ്ട് വരാൻ എന്ത് ചെയ്യണം?
ഭാര്യ/ അല്ലെങ്കിൽ ഭർത്താവ് പിണങ്ങി പോയി എങ്കിൽ ആദ്യ ശ്രമം എന്ന നിലയിൽ നേരിട്ട് സംസാരിക്കുക. അതും ഫലിക്കുന്നില്ല എങ്കിൽ കുടുംബത്തിലെ മുതിർന്നവരുടെ സേവനം മധ്യസ്ഥ ശ്രമത്തിനായി ഉപയോഗിക്കുക. മധ്യസ്ഥത വഹിക്കാൻ സമുദായ നേതാക്കളോടും അഭ്യർഥിക്കാം. ബന്ധം പുനസ്ഥാപിക്കാൻ വനിതാ കമ്മിഷനെ സമീപിക്കാം. ആശ്ചര്യപ്പെടണ്ട, പുരുഷനും കുടുംബ പുനസമാഗമത്തിനു കേരള വനിതാ കമ്മിഷന്റെ മധ്യസ്ഥ ശ്രമത്തിനു അപേക്ഷിക്കാം. ഇതൊന്നും ഫലിച്ചില്ല എങ്കിൽ കുടുംബ കോടതിയെ സമീപിക്കാം.

നേട്ടങ്ങൾ എന്തൊക്കെ?
പിണങ്ങിപ്പോയ ഭാര്യയെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണ്. കോടതി ഒഴികെയുള്ള എല്ലാ മാർഗങ്ങളും പയറ്റി നോക്കി. പക്ഷെ അവൾക്ക് മടങ്ങി വരാൻ താല്പര്യം ഇല്ല. ഈ ഘട്ടത്തിൽ ആണ് എല്ലാവരും കുടുംബ കോടതിയെ സമീപിക്കുന്നത്.  അത് കൊണ്ടുള്ള നേട്ടങ്ങൾ താഴെ പറയുന്നു:
  • ദമ്പതികൾ പിരിഞ്ഞു താമസിക്കുന്നു എന്നതിന് നിയമപരമായ ഒരു തെളിവാണ് ഇത് കൊണ്ട് ലഭിക്കുന്നത്.
  • ഗാർഹിക പീഡനം ചാർത്തി നിങ്ങളെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ മുൻ‌കൂർ ജാമ്യം കിട്ടാൻ സഹായിക്കും.
  • അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പങ്കാളിയുടെ മനസ്സിലിരിപ്പ് അറിയാൻ പറ്റും. കോടതി കൌണ്‍സിലിങ്ങിനു വിടുമ്പോൾ യോജിച്ചു പോകുമോ ഇല്ലയോ എന്ന് അറിയാൻ പറ്റും.അക്കരെ ഇക്കരെ നിന്ന് സമയം കളയണ്ട!!
  • ഭാര്യ/ ഭർത്താവ് പിണങ്ങി പോയത് മൂലമാണ് കുടംബം ശിഥിലമായത് എന്ന് സ്ഥാപിക്കാൻ ആവും.
  • കോടതി പങ്കാളിയോട് കൂടെ താമസിക്കാൻ വിധിക്കുകയും, വരാതിരിക്കുകയും ചെയ്യുന്ന പക്ഷം ഒരു വർഷത്തിനു ശേഷം നിങ്ങൾക്ക് വിവാഹ മോചനത്തിന് അപേക്ഷിക്കാം. ജീവിത പങ്കാളി നിങ്ങളോട് ക്രൂരത കാണിക്കുന്നതിനുള്ള തെളിവായി കണക്കാക്കും.

പോരായ്മകൾ എന്തൊക്കെ?
തിരികെ വരാൻ താൽപര്യം ഇല്ലാത്ത പങ്കാളിയെ കോടതിക്കോ, ദൈവത്തിനോ തിരികെ വരുത്താൻ ആവില്ല.

ബന്ധം പുനസ്ഥാപിക്കാൻ ഉള്ള നോട്ടീസ് കിട്ടുന്നതോടു കൂടി സ്ത്രീകൾ പ്രതികാര ദുർഗ്ഗയായി തീരുകയും പുരുഷനെതിരെ ഗാർഹിക പീഡനത്തിനും, ജീവനാംശം കിട്ടാനും കേസ് കൊടുക്കും. ഇത്തരം അവസരങ്ങളിൽ സ്ത്രീകൾക്ക് പുരുഷന് നേരെ പ്രയോഗിക്കാനുള്ള ആയുധങ്ങൾ നിയമത്തിന്റെ ആവനാഴിയിൽ ധാരാളം ഉണ്ട്.

സമയ നഷ്‌ടം ആണ് ഒരു പ്രധാന പോരായ്മ. ബന്ധം പുനസ്ഥാപിക്കാനുള്ള അപേക്ഷയിൽ തീരുമാനം ആകാൻ കുറഞ്ഞത്‌ ഒരു വർഷം എടുക്കും. വിധി നിങ്ങൾക്ക് അനുകൂലം ആകുകയാണെങ്കിൽ പങ്കാളിയെ കാത്ത് (വന്നാലും വന്നില്ലെങ്കിലും) "മാനസ മൈനേ വരൂ" എന്ന പാട്ടും പാടി ഒരു വർഷം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും!!

പങ്കാളി തിരികെയെത്തിയാൽ നിങ്ങൾ സ്വീകരിക്കേണ്ടി വരും. പ്രതികാരം ചെയ്യാൻ വേണ്ടിയായിരിക്കും ഒരു പക്ഷെ  തിരികെ  വരാൻ അവൾ താല്പര്യം പ്രകടിപ്പിക്കുന്നത്. ജാഗ്രതെ!!

അപേക്ഷയുടെ ഉള്ളടക്കം 
ആദ്യമായി പിണങ്ങി പോയ പങ്കാളിക്ക് നോട്ടീസ് നൽകുക. ഉടനെ തിരികെ വരണമെന്നും തിരികെ വരാത്ത പക്ഷം ബന്ധം പുനസ്ഥാപിക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കും എന്നതാകണം നോട്ടീസന്റെ ഉള്ളടക്കം. നിങ്ങൾക്കോ തനിയേയോ അല്ലെങ്കിൽ കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു അഭിഭാഷകൻ മുഖേനയോ നോട്ടീസ് തയ്യാറാക്കി അയക്കാം. അപേക്ഷയുടെ ഉള്ളടക്കം സൌമ്യമായ ഭാഷയിൽ ആകണം. പ്രകോപനപരമായ ആരോപണങ്ങൾ നോട്ടീസിൽ ഉന്നയിക്കാതിരിക്കുക. അങ്ങനെ ഉണ്ടെങ്കിൽ അതൊക്കെ തിരുത്താൻ വക്കീലിനോട് ആവശ്യപ്പെടുക. നോട്ടീസ് അയച്ച ശേഷം തിരികെ വരാൻ നിങ്ങൾ പറഞ്ഞ ദിവസം കാത്തിരിക്കുക. നോട്ടീസ് കിട്ടിയാൽ ഉടനെ ഭാര്യ ഓടി എത്തും എന്ന വ്യാമോഹം വേണ്ട. 99.9999% സ്ത്രീകളും അഭിമാന ബോധം സടകുടഞ്ഞു ഉണരുന്നത് കാരണം തിരികെ വരാൻ തുനിയില്ല. ഇതിനോടകം, ഭാര്യ ഒരു വക്കീലിനെ കാണുകയും ഉരുളക്കു ഉപ്പേരി എന്ന നിലയിൽ ഒരു മറുപടി തിരികെ ലഭിക്കും. തിരികെ ലഭിക്കുന്ന നോട്ടീസിൽ സ്നേഹ മാസൃണമായ വരികൾ ഒന്നും പ്രതീക്ഷിക്കണ്ട. എതിർകക്ഷി വക്കീലിന്റെ സാഹിത്യ ഭാവന മറുപടി നോട്ടീസിലൂടെ ഫണം വിരിച്ച്‌ നിങ്ങളെ കൊത്താൻ വരുന്നതായി അനുഭവപ്പെടും. ഭയപ്പെടേണ്ട, ഉടനെ തന്നെ Restitution of Conjugal Rights പ്രകാരം ഉള്ള അപേക്ഷ നിങ്ങളുടെ വക്കീലിനെക്കൊണ്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുക.

കോടതി എന്ത് ചെയ്യും?
ബന്ധം  പുനസ്ഥാപിക്കാനുള്ള അപേക്ഷ സ്വീകരിച്ച ശേഷം എതിർ കക്ഷിക്ക് കോടതിയിൽ ഹാജരാകാനുള നോട്ടീസ് അയക്കുന്നു. അപേക്ഷ സമർപ്പിച്ച ശേഷം രണ്ടു മാസത്തിനുള്ളിൽ കോടതി ഇരു കൂട്ടരെയും വിളിപ്പിക്കുന്നു. രണ്ടു പേരെയും കൌണ്‍സിലിങ്ങിന് അയക്കുന്നു. കോടതിയിലെ തമ്മിൽ തല്ലും വാക്പോരും കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശം. കോടതിക്ക് വെളിയിൽ തീർപ്പാകുമെങ്കിൽ നല്ല കാര്യം എന്നതാണ് പ്രധാന ഉദ്ദേശം.

കൌണ്‍സിലിങ്ങ് 
രണ്ടു പേരേയും യോജിപ്പിക്കാൻ എന്തെങ്കിലും വഴികളുണ്ടോയെന്നു കൌണ്‍സിലർ നോക്കും. ഭാര്യയും ഭർത്താവും കീരിയും പാമ്പും പോലെ നിൽക്കുന്ന അവസ്ഥയിലും, ഒരുമിപ്പിക്കാൻ വഴികളില്ല എന്ന് കണ്ടെത്തിയാൽ ഉഭയ കക്ഷി സമ്മതതോടെ പിരിയാൻ (Mutual divorce) പ്രേരിപ്പിക്കും. കൌണ്‍സിലിങ്ങിൽ പങ്കെടുക്കുമ്പോൾ തർക്കം ഒഴിവാക്കുക, ആരോപണങ്ങൾ ഉന്നയിക്കാതിരിക്കുക. സ്ത്രീകൾ ആണ് കൌണ്‍സിലിങ്ങ് വേളയിൽ കൂടുതൽ ബഹളം ഉണ്ടാക്കുന്നത്‌. നിങ്ങൾ ആവശ്യത്തിനു മാത്രം ഉത്തരം നൽകുക. ഒരു കാര്യം ഓർക്കുക. ശരിയും തെറ്റും കൂട്ടിക്കിഴിച്ച്‌ നിങ്ങളെ ശിക്ഷിക്കാനല്ല കൌണ്‍സിലർ ശ്രമിക്കുന്നത്. ശിക്ഷ നിശ്ചയിക്കാനോ വിധിക്കാനോ ഉള്ള അധികാരം കൌണ്‍സിലർക്ക് ഇല്ല. കൂടുതൽ ആരോപണം ഉന്നയിച്ചത് കൊണ്ടോ, ദേഷ്യപ്പെട്ടത്‌ കൊണ്ടോ ആർക്കും മേൽക്കൈ കിട്ടില്ല. കൌണ്‍സിലിങ്ങ് വേളയിൽ മാന്യമായി പെരുമാറുക, സംയമനം പാലിക്കുക. സംസാരത്തിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അളക്കാൻ കൌണ്‍സിലർക്ക് അനുഭവ സമ്പത്തിന്റെ ബലത്തിൽ സാധിക്കും. നിങ്ങളുടെ ഭാര്യ കൌണ്‍സിലിങ്ങ് വേളയിൽ ബഹളം വെക്കുകയും, കയർക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ദയവു ചെയ്ത് അവരെ തടസ്സപ്പെടുതരുത്!!

ഒരുമിക്കുക അസാധ്യമാണെങ്കിൽ നിലവിലുള്ള കേസുകൾ പിൻവലിച്ച ശേഷം ഉഭയകക്ഷി സമ്മതത്തോടെ വിവാഹ മോചനത്തിന്(Mutual Divorce) അപേക്ഷിക്കാൻ ആവും കൌണ്‍സിലർ നിർദ്ദേശിക്കുക. വിവാഹ മോചന പ്രക്രിയ പൂർത്തിയാകാൻ 6 മാസം വരെ സമയം എടുക്കും. ഇതിനിടയിൽ ഒരു കൌണ്‍സിലിങ്ങ് കൂടി നടന്നേക്കാം. പുരുഷനോ, സ്ത്രീക്കോ എപ്പോൾ വേണമെങ്കിലും അപേക്ഷയിൽ നിന്ന് പിന്മാറാം. അങ്ങനെ വരുന്ന പക്ഷം ഉഭയകക്ഷി വിവാഹ മോചന അപേക്ഷ അസാധുവാകും. പങ്കാളി തിരികെ വരുന്ന ലക്ഷണം പ്രകടിപ്പിക്കുന്നില്ലാ എങ്കിൽ ഉടനെ തന്നെ വിവാഹ മോചനത്തിന് അപേക്ഷ നൽകുക. വിവാഹേതര ബന്ധം ആരോപിക്കുന്ന കേസ് ആണെങ്കിൽ, തെളിവുകളും കൈവശം ഉണ്ടെങ്കിൽ പങ്കാളിയുടെ കാമുകനെ/കാമുകിയെ രണ്ടാം കക്ഷിയാക്കി വേണം വീണ്ടും വിവാഹ മോചനത്തിന് അപേക്ഷ നൽകേണ്ടത്. അമ്മായി അമ്മ/അപ്പൻ കാരണം ആണ് ബന്ധം തകർന്നതെങ്കിൽ അവരെയും രണ്ടാം കക്ഷി ആക്കാം. നിങ്ങളെ ബുദ്ധിമുട്ടിച്ച അവരും കോടതി കയറി ഇറങ്ങട്ടെ!! 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ശേഷം ആയിരിക്കണം വിവാഹ ബന്ധം പുനസ്ഥാപിക്കാനുള്ള നോട്ടീസ് അയക്കേണ്ടത്.
  • ലളിതമായിരിക്കണം നോട്ടീസിന്റെ ഉള്ളടക്കം. എന്ന് വിവാഹം നടന്നു, എന്ന് മുതൽ പിരിഞ്ഞു താമസിക്കുന്നു തുടങ്ങിയ കാര്യങ്ങൾ നോട്ടീസിൽ സൂചിപ്പിക്കണം.
  • നോട്ടീസ് അയക്കുമ്പോൾ കഴിവതും നിങ്ങളുടെ മാതാപിതാക്കൾ വസിക്കുന്ന വീട്ടിലെ മേൽവിലാസം കൊടുക്കാതിരിക്കുക. പറ്റുമെങ്കിൽ കക്കൂസോടുകൂടിയ ഒരു മുറി വാടകക്കെടുത്തു ആ വിലാസം നൽകുക.
  • നോട്ടീസിന്റെ മറുപടി നിങ്ങൾക്ക് കിട്ടുന്നത് ചിലവിനു കൊടുക്കാനുള്ള കേസിന്റെ രൂപത്തിലോ, ഗാർഹിക പീഡന കേസ് ആയിട്ടോ ആയിരിക്കും. നേരിടാൻ തയ്യാറാകുക. ഗാർഹിക പീഡനക്കേസിൽ നിന്നും രക്ഷപെടണം എന്നുണ്ടെങ്കിൽ ഞാൻ എഴുതിയ ഈ ലേഖനം വായിച്ചാൽ മതി!!
  • കുട്ടിയെ സ്ഥിരമായി കാണുന്നതിനു Child Custody പ്രകാരം കേസ് നൽകുക. കോടതി അതിനുള്ള സൗകര്യം ചെയ്തു തരും. ചില സ്വാർത്ഥമതികളായ സ്ത്രീകൾ പിണങ്ങി പോക്കിന്റെ പേരിൽ കുട്ടികളെ പിതാവിനെ കാണിക്കാതിരിക്കുന്നത് പതിവാണ്. കുട്ടി ഉണ്ടായതിൽ പിതാവിന് പങ്കില്ല എന്ന മട്ടിലാവും പെരുമാറ്റം.
  • കേസിന്റെ നടത്തിപ്പിന് ആവശ്യമായ പണം സമാഹരിച്ചു വെക്കുക. പണം ഇല്ലെങ്കിൽ പിണം!!

അടിക്കുറിപ്പ്: ഈ ലേഖനം സ്ത്രീ വിരുദ്ധം എന്ന് തോന്നുന്നുവെങ്കിൽ ക്ഷമിക്കുക. സ്ത്രീകളെ സംരക്ഷിക്കാൻ ധാരാളം നിയമങ്ങൾ പടച്ചു വിട്ടിട്ടുണ്ട്. പുരുഷന്മാർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. നിയമങ്ങളും ഇല്ല. മാന്യമായി കുടംബ സേവ ചെയ്തു ജീവിക്കുന്ന മഹിളാ രത്നങ്ങൾ പൊറുകുക.

No comments:

Post a Comment