Tuesday, October 28, 2014

പൂജിച്ച പേന

വിവിധ തരത്തിലുള്ള മൂഢവിശ്വാസങ്ങൾ കൊണ്ട് മലിനം ആണ് മനുഷ്യ മനസ്സ്. മൂഢ വിശ്വാസങ്ങളെ ചിന്തിക്കാതെ സ്വീകരിക്കാനും, നല്ല വിശ്വാസങ്ങളെ വളർത്തി എടുക്കുന്നതിൽ വൈക്ല്യബ്യം കാണിക്കുന്നവരും ആണ് നമ്മളെല്ലാം.

എന്റെ സ്‌കൂൾ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയാം. ഞാൻ പത്താം തരം അവസാന വർഷ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. പരീക്ഷ വിഷയം ഏതെന്നു ഓർമയില്ല. എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് എന്റെ പേന പണി മുടക്കി. എന്റെ മുന്നിലെ ബെഞ്ചിൽ ഇരുന്നു കുത്തിക്കുറിക്കുന്ന പഹയനെ ശബ്ദം കുറച്ചു വിളിച്ചു. അദ്ദേഹത്തിന്റെ മേശപ്പുറത്തു രണ്ടു പേന നിരത്തി വെച്ചിരിക്കുന്നു. ഒരു പേന തന്നു സഹായിക്കണേ എന്ന് അറിയിച്ചു. എടുത്തടിച്ച പോലെ മറുപടി വന്നു, "പൂജിച്ച പേനയാണ്, തരാൻ പറ്റില്ല". ഉടനെ തന്നെ പേനയെടുത്ത് മാറ്റി വെച്ചു. എന്റെ സുഹൃത്ത്‌ അമ്പലം വിഴുങ്ങാൻ എന്ന പോലെ അമ്പല പറമ്പിനു ചുറ്റും ദിവസവും വലം വെക്കുന്നതും കണ്ടിട്ടുണ്ട്. അവൻ ഭഗവാനെ പ്രീണിപ്പിച്ച്‌ ഇങ്ങനെ ഒരു കടുത്ത പ്രയോഗം നടത്തുമെന്ന് ഞാൻ അറിഞ്ഞില്ല. ഏതായാലും എന്റെ സുഹൃത്തിനെ പൂജിച്ച പേന കൈവിട്ടു. പരീക്ഷ ഫലം വന്നപ്പോൾ ഒന്നിലേറെ വിഷയങ്ങൾക്ക്‌ തോറ്റു!! അവൻ പേന എഴുതാൻ തരാഞ്ഞത് വളരെ നന്നായി എന്ന് തോന്നി. എങ്കിൽ പൂജിച്ച പേന എന്നെയും ചതിച്ചേനെ.

വാൽകഷ്ണം: ഹിന്ദുക്കുട്ടികളുടെ പൂജിച്ച പേന കണ്ടു അസൂയ പൂണ്ട നസ്രാണി കുട്ടികൾ പള്ളിയിൽ നിന്നും വെഞ്ചരിച്ച പേന കൊണ്ട് പരീക്ഷ എഴുതുന്നുണ്ട് എന്ന് ഈയിടെ ഒരു രസികൻ എന്നോടു പറഞ്ഞു.

Saturday, October 25, 2014

പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം

'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.

ഫാമിലികോർട്ട്

അവര്‍ പരസ്പരം
ഉരചെയ്ത വാക്കുകള്‍
ഉരഗങ്ങളായി
ഫണം വിടർത്തി കൊത്തി

ലിംഗപരിഗണനയുടെ
വാതായനത്തിലൂടെ
അവള്‍ രക്ഷപ്പെട്ടു
കാക്ക വക്കാലത്തുകാരുടെ
അമ്പുകളെല്ലാം
അയാളുടെ കണ്ണില്‍ തറച്ചു

മാനിഷാദ....
നിശ്ബ്ദതയിൽ
നെഞ്ചില്‍ പകർന്ന
അനർഘമന്ത്രങ്ങൾ
പൊട്ടിച്ചിതറി

അയാളുടെ
അദ്ധ്വാനംഎണ്ണി തിട്ടപെ്ടുത്തി
പങ്കിട്ടെടുത്തു

സന്താനങ്ങൾ
അന്ധകാരത്തിൽ മുങ്ങിതപ്പി
ഭിക്ഷ
വ്യഭിചാര
മോഷണ
കൊലപാതക
സദനങ്ങളിൽ ചേക്കേറി

അറിഞ്ഞൊ,
അറിയാതെയോ
ഒരാകാശവും
ഒരുഭൂമിയും
പരസ്പരം പുണർന്നു.

കടപ്പാട്: കാപ്പിൽ തുളസിദാസ്

Monday, October 6, 2014

ജീൻസും കേരളത്തിലെ സ്ത്രീ വിമോചനവും


നൂറ്റി അൻപതു വർഷം മുൻപ് കേരളത്തിൽ ഒരു കൂട്ടം നാടാർ സ്ത്രീകൾ മാറ് മറക്കുന്നതിനു വേണ്ടി സമരം ചെയ്തു. ഈ സംഭവം കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക്‌ ജീവൻ പകരുകയും, ആധുനിക കേരളത്തിനു അടിത്തറ പാകുകയും ചെയ്തു. ഗായകൻ ശ്രീ യേശുദാസ്‌ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാദം ആയി (എന്ന് കേരളത്തിലെ മാധ്യമങ്ങൾ അവകാശപ്പെടുന്നു). കേരളത്തിൽ ജീൻസ് ഉണ്ടാക്കിയ കോലാഹലത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സ്ത്രീകൾ വിമോചിതരാണോ എന്നും, വിമോചന പോരാട്ടങ്ങൾ ശരിയായ പാതയിലൂടെ ആണോ പോകുന്നത് എന്ന് നോക്കാം.