Monday, January 6, 2014

അച്ഛനെ കാണാതെ വളരുന്ന പെണ്‍കുട്ടികൾ

 ഇന്ന് രാവിലെ എന്റെ കണ്ണിനെ ഈറൻ അണിയിച്ച ഒരു സംഭവം ഉണ്ടായി. ഞാൻ രാവിലെ ക്ലാസിനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങും നേരം 90 വയസ്സ് കഴിഞ്ഞ എന്റെ അമ്മൂമ്മ (അച്ഛന്റെ അമ്മ) വീട്ടിലേക്ക് വന്നു. എന്റെ അടുത്തായി ഇരുന്ന ശേഷം എന്നോടു ചോദിച്ചു, നീ യുനിവെർസിറ്റിയിൽ പോകുന്ന വഴി കുമാരനല്ലൂര് ഇന്ന പേരിലുള്ള ഒരു വീട് ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്ന്. ഞാൻ ചോദിച്ചു എന്തിനാണ് അമ്മൂമ്മേ ആ വീട് തിരക്കുന്നത് എന്ന്. അമ്മൂമ്മ പറഞ്ഞു, "എന്റെ അച്ഛന്റെ വീട് അവിടെയാണ്". ഈയിടെയായി അമ്മൂമ്മ അച്ഛനെ തുടരെ സ്വപ്നം കാണുന്നു എന്ന്. ആ വീട്ടിൽ ആരെങ്കിലും ഒക്കെ അവശേഷിച്ചിട്ടുണ്ടോ എന്ന് അറിയാൻ ആണെന്ന്. അമ്മൂമ്മക്ക്‌ അച്ഛന് വേണ്ടി ബലിയിട്ടാൽ കൊള്ളാമെന്നുണ്ട്. അമ്മൂമ്മ ആ പഴയ കഥ എന്നോടു പറയാൻ തുടങ്ങി.

അമ്മൂമയുടെ അച്ഛൻ ആദ്യം ഒന്ന് വിവാഹം കഴിച്ചു. കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് രണ്ടാമത് വിവാഹം കഴിച്ചത് അമ്മൂമ്മയുടെ അമ്മയെ ആണ്. ആ  വിവാഹ ബന്ധത്തിൽ കുട്ടികൾ ഉണ്ടായി (അമ്മൂമ്മയും സഹോദരിയും). അധികം വൈകാതെ ആദ്യത്തെ വിവാഹ ബന്ധത്തിലും കുട്ടികൾ ഉണ്ടായി. അമ്മൂമ്മക്ക്‌ അച്ഛന്റെ വാത്സല്യം അധികമൊന്നും ആസ്വദിക്കാൻ ആയില്ല. അച്ഛൻ അധിക നാളും കുമാരനല്ലൂര് ആണ് ജീവിച്ചത്. കുമാരനല്ലൂര് സഹോദരങ്ങൾ ഉണ്ടായതു അറിഞ്ഞ്  അമ്മൂമ്മ അവരെ കാണാൻ വാശി പിടിച്ചു കരഞ്ഞു. ആരോക്കൊയോ ചേർന്ന് ചില മോശമായ കാര്യങ്ങൾ അച്ഛനെക്കുറിച്ച് പറഞ്ഞു കുട്ടികളെ പിന്തിരിപ്പിച്ചു. ജീവിതത്തിൽ വളരെ കുറച്ചു തവണ മാത്രമേ അമ്മൂമ്മ പിന്നീട് സ്വന്തം അച്ഛനെ കണ്ടിട്ടുള്ളു. സ്വന്തം അച്ഛന്റെ വാത്സല്യം അനുഭവിക്കാൻ കഴിയാത്തതിലുള്ള ദുഃഖം അമ്മൂമ്മ  എന്നോടു പങ്കിട്ടു. ഞാൻ ആ വീടിനെ കുറിച്ച് അന്വേഷിക്കാം എന്ന് ഞാൻ അമ്മൂമ്മയോട് വാക്ക് കൊടുത്തു.

ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. വിവിധ കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക്‌ പിതാവിന്റെ വാത്സല്യവും, സ്നേഹവും നിഷേധിക്കപെടുന്നു. മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികൾ അമ്മയോടൊപ്പം ജീവിക്കാനാണ് സാധ്യത കൂടുതൽ. നിയമവും അതിനു അനുകൂലമാണ്. അങ്ങനെ ജീവിക്കുമ്പോൾ,  കുട്ടികളോട് പിതാവിനെ കുറിച്ച് മോശമായ ധാരണ ഉണ്ടാക്കി എടുക്കാൻ ആയിരിക്കും മാതാവും അവരുടെ ബന്ധു ജനങ്ങളും ശ്രമിക്കുന്നത്. പിതാവിനെ കാണാൻ ഉള്ള സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കാൻ ഉള്ള സാധ്യതയും ഇല്ല. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങൾക്ക്‌ പിതാവ് രാക്ഷസൻ ആയാലും സ്വീകാര്യൻ ആണ്. പിതാവിന്റെ സാനിധ്യം ഇല്ലാതെ വളരുന്ന പെണ്‍കുട്ടികൾ പുരുഷ വിദ്വേഷികൾ ആയി വളരാൻ സാധ്യത ഉണ്ട്. ഭാവിയിൽ വിവാഹ ജീവിതത്തെ ഇത് സാരമായി ബാധിക്കും. മൂന്നു വയസു മുതൽ യൗവ്വനം ആകും വരെ കുട്ടികൾക്ക് പിതാവിന്റെ സാനിധ്യം വളരെ പ്രധാനപ്പെട്ടതാണ്. അത് ഇല്ലാതെ വന്നാൽ അവർക്ക് ഉണ്ടാകുന്ന നഷ്ടം ജീവിതത്തിൽ ഒരിക്കൽ പോലും നികത്താൻ സാധിക്കില്ല.മാതാവിനെ പോലെ തന്നെ പിതാവും കുട്ടികൾക്ക് അനിവാര്യമാണ്. വേറെ ആരും അതിനു പകരം ആവില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കി ഭർത്താവിൽ നിന്നും കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്കു പായുന്ന അമ്മമാർ കുട്ടികൾക്ക് ഉണ്ടാക്കുന്ന നഷ്ടത്തെ കുറിച്ച് ആലോചിച്ചാൽ നന്നായിരിന്നു.

കുറിപ്പ്:  കുട്ടിയെ മനപൂർവം പിതാവിനെ കാണിക്കാതെ വളർത്തുന്ന അപൂർവ്വം ചിലർ ഉണ്ടെന്ന്  ചില വായനക്കാർ അഭിപ്രയപെടുകയുണ്ടായി. നിങ്ങൾ അത്തരം പീഡനം അനുഭവിക്കുന്ന ഒരാൾ ആണെങ്കിൽ കുടുംബ കോടതിയിൽ ഒരു കേസ് (Visitation rights) കൊടുക്കാവുന്നതാണ്. ഒരു അഭിഭാഷകനുമായി സംസാരിക്കുക. കുട്ടിയെ സന്ദർശിക്കാനോ, കുട്ടിയെ നിങ്ങളുടെ കൂടെ മാസത്തിൽ കുറച്ചു ദിവസം കൂടെ നിർത്താനും കോടതി അനുവദിക്കും.

2 comments:

  1. good writing........................

    ReplyDelete
  2. yes...child needs father and mother...money is not enough...children,wat they know abt money? they wants love...parents love...they will b get get everything from their love...i saw tears of children ...its so painful...

    ReplyDelete