Saturday, May 13, 2017

മെയ് മാസത്തിലെ ഗുൽമോഹർ പൂക്കൾ

മെയ് മാസത്തിൽ കോയിപ്രം സ്കൂളിലെ ഗുൽമോഹർ പൂത്ത് നിൽക്കുന്നത് കാണുമ്പോൾ സ്‌കൂളിലെ ഓർമ്മകൾ ഓടിയെത്തും. സ്‌കൂളിൽ പഠിക്കുന്ന കാലത്തു എല്ലാ മേയ് മാസവും ഒരു പോലെയാണ്. 

സ്‌കൂൾ മുറ്റത്തെ ഗുൽമോഹർ പൂക്കുമ്പോഴാണ് പരീക്ഷ ഫലം വരുന്നത്. ഫലം അറിയാൻ സ്‌കൂളിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ വേനൽ മഴ നനഞ്ഞ മണ്ണിന്റെ മണവും, തെളിഞ്ഞ അന്തരീക്ഷവും പ്രത്യേക അനുഭൂതി മനസ്സിൽ നിറക്കും. അണ്ണാറക്കണ്ണന്മാർ പാതി കടിച്ചു ഉപേക്ഷിച്ച നാടൻ മാങ്ങകളുടെ മണം നിറഞ്ഞ വഴി. പുതിയ ക്ലാസ്സിലേക്കുള്ള പുസ്തകങ്ങൾ മെയ് പകുതിയോടെ കൊടുത്ത് തുടങ്ങും. അപ്പോൾ ചുവന്ന ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം പട്ട് വിരിച്ച പോലെയാകും.

ഗുൽമോഹർ ചുവട്ടിലെ പുസ്തക സ്റ്റോറിനു മുന്നിൽ തടിച്ച് കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് സ്‌റ്റോറിനകത്ത് നിൽക്കുന്ന നടേശൻ സാറിനോട് നിലവിളി പോലൊരു ചോദ്യം,
" അഞ്ചാം പാഠം വന്നോ സാറേ?"
എന്തോ കൂട്ടിക്കൊണ്ടിരിന്നതിനിടയിൽ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ സാറിന്റെ മറുപടി, "എല്ലാം വന്നില്ലടാ".

വേറൊരുത്തന്റെ നിലവിളി, "മഠത്തിൽ സ്കൂളിൽ പഠിക്കുന്നവൾ പുസ്തകം മേടിക്കാൻ മുന്നിൽ നിക്കുന്നു സാറേ, കൊടുക്കല്ലേ".
ഒറ്റിയവനെ അവൾ ദേഷ്യത്തോടെ നോക്കി. അപ്പോൾ അവളുടെ മുഖം ഗുൽമോഹർ പൂ പോലെ ചുവന്നിരിന്നു.

Monday, May 8, 2017

എറണാകുളം-രാമേശ്വരം സ്പെഷ്യൽ ട്രെയിൻ

മധ്യ കേരളത്തിലുള്ളവർക്കും, വടക്കൻ കേരളത്തിലുള്ളവർക്കും  രാമേശ്വരം, ധനുഷ്കോടി പോയിവരുവാൻ ഇപ്പോൾ വളരെ എളുപ്പം. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റെന്ന് അതിരാവിലെ 4 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ നാലു മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ കയറിയാൽ പിറ്റെന്ന് രാവിലെ 10:15 ന് എറണാകുളത്തു തിരികെ എത്താം. ഇപ്പോൾ ആഴ്ച തോറും പ്രത്യേക സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുണ്ട്. നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്.

ട്രെയിൻ വിവരം
എറണാകുളം (ERS) - രാമേശ്വരം (RMM) ട്രെയിൻ നമ്പർ -06035
രാമേശ്വരം (RMM) - എറണാകുളം (ERS) ട്രെയിൻ നമ്പർ-06036

യാത്രാ നിരക്ക്
II AC- Rs. 1585
III AC- Rs. 1120
Sleeper Class- Rs. 400

അവലംബം
http://english.mathrubhumi.com/news/kerala/rameshwaram-spl-train-to-charge-same-fare-from-ernakulam-thrissur-palakkad-1.1842026

Saturday, March 18, 2017

ദൈവ വിശ്വാസവും കക്കൂസിലെ പുകവലിയും

ചില ദൈവ വിശ്വാസികൾക്ക് മറ്റുള്ളവരെ കൂടി വിശ്വാസികളാക്കിയില്ലേൽ സമാധാനം കിട്ടില്ല. ബസ് യാത്രക്കിടയിൽ സംസാര മദ്ധ്യേ എന്നെ വിശ്വാസിയാക്കാൻ ശ്രമിച്ച ഒരാളെ ഞാൻ ഒരു ഉപമ പറഞ്ഞ് കേൾപ്പിച്ചു:

ചില ആണുങ്ങൾക്ക് കക്കൂസിൽ ചെന്നിരിന്ന് വയറ്റിൽ നിന്ന് പോകാൻ ബീഡി / സിഗററ്റ് വലി നിർബന്ധം. എനിക്കാണെങ്കിൽ ഇതൊന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ നടക്കും. അങ്ങനെ ഉള്ള എന്നോട് പുകവലിക്കാൻ നിർബന്ധിക്കേണ്ടതുണ്ടോ? വയറ്റീന്ന് പോവാൻ പുകവലി വേണമെന്നത് മനസിന്റെ ബലക്കുറവിനെ സൂചിപ്പിക്കുന്നു. ദുർബല മാനസർക്ക് ദൈവ വിശ്വാസം ഉപകാരപ്പെടും.

ജീവിതം ചുഴി മലരികൾ നിറഞ്ഞതാണ്. പൊരുതിയില്ലെങ്കിൽ ജീവിതത്തിൽ ഒന്നും നേടാനാവില്ല. വെള്ളത്തിൽ വീണാൽ കൈകാൽ അടിച്ചു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ മുങ്ങിത്താഴും. വിശ്വാസങ്ങൾ പ്രായോഗിക ജീവിതത്തിൽ വിലപ്പോവില്ല.

ദൈവം വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം അതിന്റെ വഴിക്ക് നീങ്ങും. ആഗോള താപനം ലോകത്തെ മുച്ചുടും. അതിൽ വിശ്വാസിയും അവിശ്വാസിയുമൊക്കെ ഈയാംപാറ്റയെപ്പോലെ എരിഞ്ഞ് തീരും. ഇത് കേട്ട പാടെ വിശ്വാസി തെറിച്ച് വീണ പോലെ അടുത്ത സീറ്റിൽ ചെന്നിരിന്നു !!

Saturday, December 31, 2016

ആഗാ ഖാൻ കൊട്ടാരം (യാത്രാ വിവരണം)

കേരളത്തിൽ നിന്ന് ഔറങ്കാബാദിലേക്കുള്ള യാത്രക്കിടയിലാണ് ഞങ്ങൾ പൂനെ നഗരത്തിൽ രാവിലെ എത്തിയത്. ഔറങ്കാബാദിലേക്കുള്ള ബസ് രാത്രിയിലെ പുറപ്പെടൂ എന്നതിനാൽ ഞങ്ങൾ പൂനെ നഗരം ചുറ്റിയടിക്കാൻ തീരുമാനിച്ചു. ആദ്യം കാണാൻ തിരഞ്ഞെടുത്തത് ആഗാ ഖാൻ കൊട്ടാരമാണ് (Aga Khan Palace). ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്‌മാരകമാണിത്. പൂനെ റെയിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ഏഴ് കിലോമീറ്റർ അകലെയുള്ള കൊട്ടാരത്തിലേക്കു തിരിച്ചു. മീറ്റർ ഇട്ടു ഓടുന്ന ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ വളരെ മാന്യന്മാർ ആണ്. നഗരത്തിൽ  ഉടനീളം ഞങ്ങൾ യാത്ര ചെയ്യാൻ ആശ്രയിച്ചത് ഓട്ടോ റിക്ഷകളെയാണ്. ന്യായമായ കൂലിയെ ഞങ്ങളിൽ നിന്ന് ഈടാക്കിയുള്ളു. ഞങ്ങൾ കൊട്ടാര കവാടത്തിനു മുന്നിൽ ഇറങ്ങി സന്ദർശന  ടിക്കറ്റ് എടുത്ത ശേഷം വിശാലമായ വളപ്പിലേക്ക് നടന്നു. നടന്നടുക്കും തോറും കൊട്ടാരത്തിന്റെ പൂർണ്ണാകാരം ദൃശ്യമാകാൻ തുടങ്ങി.

വിശാലമായ പുൽത്തകിടി വിരിച്ച വളപ്പ്പിൽ തലയെടുപ്പോടെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
സംഘർഷ ഭരിതമായ ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് ഇന്ത്യ ഇളകി മറിഞ്ഞപ്പോൾ ബ്രിട്ടീഷുകാർ ഗാന്ധിജിയെയും കൂട്ടരെയും തടങ്കലിൽ ആക്കിയത് (9 ആഗസ്ത് 1942 മുതൽ 6 മെയ്  1944) ആഗാ ഖാൻ കൊട്ടാരത്തിലായിരിന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ രണ്ടു പ്രധാന വ്യക്തി നഷ്ടങ്ങൾ ഉണ്ടായതും ഇവിടെ വെച്ചായിരുന്നു. ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയും, പത്നി കസ്തുർബയും ഇവിടെ വെച്ച് ഇഹലോകവാസം വെടിഞ്ഞു. ഗാന്ധി ദേശിയ സ്മാരകം (Gandhi National Memorial)  എന്ന പേരിലും ഈ സൗധം അറിയപ്പെടുന്നു. 
കൊട്ടാരത്തിലെ ഇറ്റാലിയൻ ശൈലിയിലുള്ള കമാനങ്ങൾ ശ്രദ്ധിക്കുക.
അൽപ്പം ചരിത്രം 
സുൽത്താൻ മുഹമ്മദ് ഷാ ആഗാ ഖാൻ എന്ന പുണ്യാത്മാവാണ് 1892ൽ ഈ കൊട്ടാരം നിർമ്മിച്ചത്. അന്നുണ്ടായിരുന്ന ക്ഷമ കാലത്തെ അതിജീവിക്കാൻ പ്രദേശവാസികൾക്ക്  തൊഴിലുറപ്പു പദ്ധതി എന്ന നിലയിലാണ് ഈ കൊട്ടാരം പണി തുടങ്ങിയത്. പന്ത്രണ്ടു ലക്ഷം രൂപാ ചിലവിൽ അഞ്ചു വർഷം കൊണ്ട് ആയിരം തൊഴിലാളികൾ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി അധ്വാനിച്ചു. പത്തൊൻപതു ഏക്കർ ആണ് കൊട്ടാരവും അതിനെ ചുറ്റിയുള്ള വളപ്പിന്റെയും മൊത്തം വിസ്തീർണ്ണം. അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റി നിർമ്മിക്കുന്നതിൽ പങ്കു വഹിച്ച ഒരാൾ കൂടിയാണ് മുഹമ്മദ് ഷാ ആഗാ ഖാൻ.

പിൻതലമുറക്കാരനായ കരിം ഹുസ്സെനിം ആഗാ ഖാൻ 1969ൽ ഈ കൊട്ടാരം ഗാന്ധി സ്മാരക നിധിക്കു കൈമാറി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകം പരിപാലിക്കുന്നത്. ഗാന്ധിജി തന്റെ വ്യക്തി ജീവിതത്തിൽ ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

അർദേശിർ കാറ്റലി (Ardeshir Kately) ആയിരിന്നു ഗാന്ധിജി തടങ്കലിൽ ആയിരുന്നപ്പോൾ ഇവിടുത്തെ ജയിൽ സൂപ്രണ്ട്. വളരെ മനുഷ്യത്വപരമായ സമീപനമായിരുന്നു അദ്ദേഹം ഗാന്ധിജിയോട് കാട്ടിയിരിന്നത്. തടങ്കൽ കഴിഞ്ഞു പോകുമ്പോൾ ഗാന്ധിജി സ്വന്തം ഒപ്പിട്ട ഒരു ഭഗവത്‌ഗീത ജയിൽ സൂപ്രണ്ടിന് ഉപഹാരമായി നൽകി.

കസ്‌തൂർബാ ഗാന്ധിയുടെയും, മഹാദേവ ദേശായിയുടെയും സ്‌മൃതി മണ്ഡപങ്ങൾ കൊട്ടാര വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്.
15 ആഗസ്റ്റ് 1942ൽ മഹാദേവ ദേശായി ഹൃദയാഘാതം മൂലം അഗാ ഖാൻ കൊട്ടാരത്തിൽ അന്തരിച്ചു. ഗാന്ധിജി തന്നെയാണ് തന്റെ സന്തത സഹചാരിയായ ദേശായിയുടെ അന്ത്യ കർമ്മങ്ങൾ കൊട്ടാര വളപ്പിൽ വെച്ച് നടത്തിയത്. 22 ഫെബ്രുവരി 1944 ഒരു ശിവരാത്രി ദിനത്തിൽ കസ്‌തൂർബയും ഹൃദയാഘാതത്തെ തുടർന്ന് ഇവിടെ അന്തരിച്ചു. 
കൊട്ടാരത്തിനു ചുറ്റുമുള്ള പുൽത്തകിടി പ്രധാന ആകർഷണമാണ്.
ഗാന്ധിജി തടങ്കൽ കാലയളവിൽ ഉപയോഗിച്ചിരുന്ന പല വസ്‌തുക്കളും കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയെല്ലാം അദ്ദേഹത്തിന്റെ ലളിത ജീവിതം വിളിച്ചോതുന്നവയാണ്. അതൊക്കെ കണ്ടു നടന്നു നീങ്ങുമ്പോൾ ദേശാഭിമാനം കൊണ്ട് ഞാൻ കോരിത്തരിച്ചു പോയി (പുതിയതരം ദേശ സ്നേഹം അല്ല!!). നമ്മുടെ രാഷ്ട്ര പിതാവ് ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തരുന്നതിനു വേണ്ടി നയിച്ച ലളിത ജീവിതം പ്രശംസനീയമാണ്. ഈ കൊട്ടാരം അതിനു തെളിവുമാണ്.

Friday, December 2, 2016

മധ്യപ്രദേശ് (യാത്രാ വിവരണം)

ഇന്ത്യയുടെ ഹൃദയ ഭൂമിയാണ് മധ്യപ്രദേശ്, രണ്ടാമത്തെ വലിയ സംസ്ഥാനവും. വന്യജീവി  സങ്കേതങ്ങളും, ചരിത്ര-പൈതൃക സ്മാരകങ്ങളും ധാരാളമുണ്ടിവിടെ.കുറഞ്ഞ സമയത്തിനുള്ളിൽ മധ്യപ്രദേശിന്റെ വളരെ കുറച്ചു ഭാഗങ്ങളിൽ കൂടി നടത്തിയ ഒരു ഓട്ട പ്രദക്ഷിണത്തിന്റെ സചിത്ര വിവരണമാണ് ഇത്.

ഭോപ്പാൽ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് വൻ വിഹാർ വന്യ ജീവി സംരക്ഷണ കേന്ദ്രം. എല്ലും തോലുമായ ചില മൃഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിലും എത്രയോ ഭേദമാണ് തിരുവനന്തപുരത്തെ മൃഗശാല.

Monday, September 5, 2016

കൽക്കത്ത ചിത്രങ്ങൾ (യാത്രാ വിവരണം)

ബാല്യകാലം മുതൽ ബംഗാൾ ഒരു മരീചിക ആയിരിന്നു എനിക്ക്. ബംഗാളിനെക്കുറിച്ചു വായനാനുഭവം മാത്രമാണുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥി ആയിരിന്ന കാലത്ത് വായിച്ച ബംഗാളി നോവലുകളുടെ മലയാള പരിഭാഷ നൽകിയ  വായനാ സുഖം ഇന്നും മനസ്സിലുണ്ട്. ഹേമന്ദ കുമാർ മുഖർജീ, എസ്.ഡി. ബർമൻ, മന്നാ ഡേ, സലിൽ ചൗധരി തുടങ്ങിയ ബംഗാളി സംഗീത പ്രതിഭകളുടെ ഒരു ആരാധകൻ ആണ് ഞാൻ. എന്നെങ്കിലും ബംഗാൾ സന്ദർശിക്കണമെന്ന എന്റെ കുട്ടിക്കാല ആഗ്രഹം സഫലമാകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. 

ബംഗാൾ ലൈബ്രറി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോഹ സ്വന്തന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിന്റെ ക്ഷണിതാക്കൾ ആയിട്ടാണ് ഞങ്ങൾ കൽക്കത്തക്ക് പുറപ്പെട്ടത്‌. കോട്ടയത്ത്‌ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്കും അവിടെ നിന്നും വിമാന മാർഗം കൽക്കത്തയിലേക്കും എത്തി ചേർന്നു. നേതാജിയുടെ പേരിലാണ് കൊൽക്കത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളം (Netaji Subhas Chandra Bose International Airport) അറിയപ്പെടുന്നത്. 

സന്ജോയിയും (നടുവിൽ)  സാഹസികനായ ടാക്സി ഡ്രൈവർക്കുമൊപ്പം.
ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സന്ജോയ് ഡേ എന്ന ലൈബ്രറി സയൻസ് വിദ്യാർത്ഥിയെ ആണ് സംഘാടകർ ചുമതലപ്പെടുതിയിരിന്നത്. വിമാനം ഇറങ്ങിയ ഉടനെ തന്നെ സന്ജോയ് പത്തു നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ ബഹിർഗമന കവാടത്തിൽ സന്ജോയിയെ കാത്ത്  നിൽപ്പ് തുടങ്ങി. പത്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മഞ്ഞ അംബാസിഡർ കാർ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തു വന്നു നിന്നു. സന്ജോയ് ഡോർ തുറന്നു ചാടിയിറങ്ങി പെട്ടെന്നൊരു ഷേക്ക്‌ ഹാണ്ടും തന്നു വേഗത്തിൽ ഞങ്ങളെയും ബാഗുകളെയും കാറിനുള്ളിലാക്കി യാത്ര തുടങ്ങി. ഇത്ര ധൃതി വേണമായിരിന്നോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ് സന്ജോയ് ധൃതി കൂട്ടിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഞങ്ങളുടെ പിറകെ ഒരു സെക്യൂരിറ്റിക്കാരൻ വിസിൽ ഊതിക്കൊണ്ടു വരുന്നുണ്ടായിരിന്നു. പാർക്കിംഗ് ഇല്ലാത്തയിടത്താണ് സന്ജോയ് ഹിന്ദി സിനിമ സ്റ്റൈലിൽ കാർ കൊണ്ട് ചാടിച്ചത്!!

Sunday, September 4, 2016

പറമ്പിക്കുളം വന്യജീവി സങ്കേതം (യാത്രാ വിവരണം)

പറമ്പിക്കുളം വന്യജീവി സങ്കേതം കേരളത്തിൽ ആണെങ്കിലും, തമിഴ്‌നാട്ടിൽ പ്രവേശിച്ചിട്ട് വേണം അവിടെയെത്താൻ. അമൃത എക്സ്പ്രസ്സ് ട്രെയിൻ രാവിലെ 6.30നു പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ തന്നെ പ്രഭാത കർമ്മങ്ങൾ ധൃതിയിൽ ചെയ്‌ത ശേഷം പൊള്ളാച്ചിക്കുള്ള ട്രെയിനിലേക്ക് ഓടിക്കയറി. ടോയ്‌ലറ്റിനു മുന്നിലെ ക്യൂ ആണ് സമയ നഷ്ടം ഉണ്ടാക്കിയത്. ഒന്നാമത്തെ പ്ലാറ്റഫോമിൽ ഉണ്ടായിരുന്നത് മൂന്നു കക്കൂസ് മാത്രം. ക്യൂവിൽ നിന്ന് എല്ലാവരെയും പോലെ ഞങ്ങളും ഭക്തി നിർഭരരായി ദേവാലയ വാതിൽ തുറക്കുന്നതും കാത്തു നിന്നു!! അകത്തു കയറിയവർക്കു എത്രയും സുഗമമായ മലശോധന ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു. ചില വിദ്വാന്മാർ കക്കൂസിൽ കയറി കുളിയും പാസ്സാക്കി, അത് മൂലം സമയനഷ്ടം പിന്നെയും ഉണ്ടായി.

രാജ്യറാണി ട്രെയിൻ തന്നെയാണ് പൊള്ളാച്ചിയിലേക്ക് പോകുന്നത്. മീറ്റർ ഗേജ് ആയിരുന്ന പാലക്കാട് - പൊള്ളാച്ചി റെയിൽ പാത 2015ൽ ആണ് ബ്രോഡ്ഗേജിലേക്കു മാറിയത്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 9.45 നു പൊള്ളാച്ചിയിൽ എത്തും. പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു ട്രെയിനിൽ കയറി. ട്രെയിൻ പുറപ്പെട്ടു അധികം താമസിയാതെ തന്നെ മനംകുളിർക്കുന്ന കാഴ്ചകൾ വന്നു തുടങ്ങി. പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ കൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. പശ്ചിമഘട്ട മലനിരകൾ വരവായി. മഴമൂലം ഉണ്ടായ നീർച്ചാലുകൾ വെള്ളി മാല പോലെ മലനിരകളിൽ തിളങ്ങുന്നു. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ. തെങ്ങിന്തോപ്പുകൾ. അവക്കിടയിൽ പ്രഭാത സവാരി നടത്തുന്ന മയിലുകൾ.